വാഷിങ്ടൻ : അമേരിക്കൻ ചിപ്പ് നിർമാണ കമ്പനിയായ ഇന്റലിന്റെ സിഇഒ ലിപ്–ബു ടാന്റെ രാജി ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ലിപു–ബു ടാന്റെ രാജി ആവശ്യപ്പെട്ടത്. ടാന് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ‘‘ഇന്റൽ സിഇഒ ഉടൻ രാജിവയ്ക്കണം. ഈ പ്രശ്നത്തിന് മറ്റൊരു പരിഹാരവുമില്ല. ഈ വിഷയത്തിൽ താങ്കളുടെ ശ്രദ്ധയ്ക്ക് നന്ദി’’– ഇതായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പ്.
ഇന്റൽ ബോർഡിന്റെ ചെയർമാനോട് ടാന്റെ ചൈനയുമായുള്ള ബന്ധങ്ങളെക്കുറിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൺ ചോദ്യങ്ങളുന്നയിച്ചിരുന്നു. രാജ്യത്തെ സെമികണ്ടക്ടർ കമ്പനികളിലെ ടാന്റെ നിക്ഷേപങ്ങൾ, സൈന്യവുമായുള്ള ബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. യുഎസ് നികുതിദായകരുടെ ഡോളറുകളുടെ ഉത്തരവാദിത്തമുള്ള ആളെന്ന നിലയിൽ തങ്ങളുടെ കടമകൾ നിറവേറ്റാനും സുരക്ഷാ ചട്ടങ്ങൾ പാലിക്കാനുമുള്ള ഇന്റലിന്റെ കഴിവിനെക്കുറിച്ച് ടാന്റെ ഈ ബന്ധങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നു കത്തിൽ ടോം കോട്ടൺ പറയുന്നു. ടാനിന്റെ കേഡൻസ് ഡിസൈൻ സിസ്റ്റംസ് ഇൻകിലെ മുൻകാല നേതൃത്വത്തെക്കുറിച്ചും ടോം ആശങ്കകൾ ഉന്നയിച്ചു. യുഎസിന്റെ കയറ്റുമതി ചട്ടങ്ങള്‍ ലംഘിച്ചതിന് അടുത്തിടെ കുറ്റസമ്മതം നടത്തിയ ‘കേഡന്‍സ് ഡിസൈന്‍ സിസ്റ്റംസ്’ എന്ന കമ്പനിയിലാണ് ടാന്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്നത്.