ദില്ലി: ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദില്ലിയില്‍ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “കർഷകരുടെ താല്‍പര്യമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാൻ വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അതിന് തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകർഷകർക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്” – ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ ഉയർത്തുന്നത് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സർക്കാർ മുതിരില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടൻ നിർത്തില്ല. എന്നാല്‍ അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇളവു നല്‍കുന്നതടക്കം ആലോചിക്കും. ആദ്യം 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചപ്പോള്‍ ട്രംപിനെ വിളിച്ച് സംസാരിക്കാൻ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും. ഇതിന് ശേഷമാകും ഇന്ത്യയുടെ തുടർനടപടികള്‍ വ്യക്തമാവുക.