തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരുർ തെക്കൻ കുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കത്തി നശിച്ചത്.
അപകടസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.വലിയ ശബ്ദത്തോടെ തീ പടരു ന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
തിരൂരിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. വിട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, അലമാരയിൽ സുക്ഷിച്ച രേഖകൾ, വസ്ത്രങ്ങൾ തുടങ്ങിയവ പൂർണമായി കത്തിനശിച്ചു. വാടക വീട്ടിലായിരുന്ന സിദ്ദീഖ്, ഭാര്യ അഫ്സിത, മക്കളായ ഫാത്വിമ റബീഅ, ഫാത്വിമ എന്നിവർ ആറു വർഷം മുമ്പാണ് ഈ വിട്ടിലേക്ക് താമസം മാറിയത്.
ഓല മേഞ്ഞ വീടിന്റെ മേൽക്കൂരയിൽ ചോർച്ചയുള്ളതിനാൽ പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു. കുടുംബത്തിന്റെ ഏക അഭയകേന്ദ്രമാണ് പൂർണ്ണമായി കത്തിനശിച്ചത്. ഓട്ടോഡ്രൈവറായ സിദ്ദീഖും കുടുംബവും പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി വർഷ ങ്ങളായി കാത്തിരിക്കുകയാണ്.


