ന്യൂഡൽഹി : യുഎസ് നിലപാട് കടുപ്പിക്കുന്ന ഇന്ത്യ–റഷ്യ സഹകരണത്തിനെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നിലവിലെ സ്ഥിതിഗതികൾ ചർച്ചയാകും. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഈ മാസം റഷ്യ സന്ദർശിച്ചേക്കും.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിന് പിന്നാലെയാണ് ഡോവലിന്റെ സന്ദർശനം. ഇന്ത്യയ്ക്കെതിരെ വീണ്ടും തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നാണ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കു മേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നും വ്യക്തമാക്കി.‘
‘ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോകുകയാണ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ’’– ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനു തടസ്സമായി നിൽക്കുന്നതു തീരുവയാണെന്നു ട്രംപ് തുറന്നടിച്ചു.
ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു പ്രതികരിച്ചിരുന്നു.


