വാഷിംഗ്ടണ്‍: തനിക്കെതിരായ വധശ്രമത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.
ഈയടുത്തായി ട്രംപ് അതിജീവിച്ച രണ്ട് കൊലപാതക ശ്രമങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് ട്രംപിന്റെ ജീവന് ഭീഷണിയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ എത്തിയത്.
എന്റെ ജീവിതത്തില്‍ ഞങ്ങള്‍ക്കറിയാവുന്ന രണ്ട് കൊലപാതക ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവയില്‍ ഇറാന്‍ ഉള്‍പ്പെട്ടേക്കാമെന്നും നോര്‍ത്ത് കരോലിനയില്‍ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ ട്രംപ് പറഞ്ഞു. എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍, നിങ്ങളുടെ ഏറ്റവും വലിയ നഗരങ്ങളെയും രാജ്യത്തെയും ഞങ്ങള്‍ തകര്‍ത്തുകളയാന്‍ പോകുകയാണ്,’ എന്നും ഇറാനോട് അദ്ദേഹം വ്യക്തമാക്കി.
ഒരു അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലാനോ ഉപദ്രവിക്കാനോ ഉള്ള ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടാല്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ടെഹ്റാനിലേക്ക് ഒരു ഉറച്ച സന്ദേശം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഈ ആഴ്ച ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നത് വിചിത്രമാണെന്നും ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കുന്നതിനാല്‍ മികച്ച സംരക്ഷണം നല്‍കിയെന്നും ട്രംപ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുമായുള്ള ഉടമ്പടിയും സ്വന്തം നിയമങ്ങളും അനുസരിച്ച് പൊതുസഭയില്‍ വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് സുരക്ഷ വ്യാപിപ്പിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണ്.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ശത്രുത പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ലോക നേതാക്കള്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശമെത്തിയിരിക്കുന്നത്. അതേസമയം ട്രംപിനെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇറാന്‍ നേരത്തെ നിരസിച്ചിരുന്നു.