വാഷിങ്ടൺ: ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയുടെയും ഫ്രാൻസിന്റേയും നേതൃത്വത്തിൽ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. ഗാസയിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ലബനാൻ വിഷയത്തിൽ യു.എൻ അടിയന്തര രക്ഷാസമിതി യോഗം ചേർന്നതിന് ശേഷമാണ് സംയുക്ത പ്രസ്താവന.
2023 ഒക്ടോബർ എട്ട് മുതൽ ലബനാൻ-ഇസ്രയേൽ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘർഷമാവാൻ സാധ്യതയുണ്ട്. ഇതിനോട് ഇസ്രയേൽ, ലബനാൻ ജനങ്ങൾക്ക് താൽപര്യമില്ല. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. അതിർത്തികളിലുള്ള ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ പറഞ്ഞു.
എല്ലാ വിഭാഗങ്ങളേയും ഞങ്ങൾ വിളിക്കും. ഇസ്രയേൽ, ലബനാൻ സർക്കാരുകളുമായി സംസാരിക്കും. ഉടൻ താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കും. പിന്നീട് നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള മുഴുവൻ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും അമേരിക്കയും ഫ്രാൻസും അറിയിച്ചു. ഓസ്‌ട്രേലിയ, കാനഡ, യുറോപ്യൻ യൂണിയൻ, ജർമ്മന, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.