ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി വിധിച്ച പ്രമാദമായ ഹഷ് മണി ക്രിമിനൽ കേസിൻ്റെ ശിക്ഷാ വിധി നവംബറിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് കോടതി. ശിക്ഷാവിധി നവംബർ 26ലേക്ക് മാറ്റി വെള്ളിയാഴ്ച മാൻഹാട്ടൻ കോടതിയിലെ ജസ്റ്റിസ് ജുവാൻ മെർച്ചൻ ഉത്തരവിട്ടു. കോടതിയുടെ മുൻ ഉത്തരവ് പ്രകാരം സെപ്റ്റംബർ 18 നായിരുന്നു ശിക്ഷ വിധിക്കുന്ന ദിവസം. ശിക്ഷാവിധി വൈകിപ്പിക്കാൻ ട്രംപിൻ്റെ അഭിഭാഷകർ നിയമപരമായ നിരവധി തന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു.
ഈ കേസിൻ്റെ വിധി വരാനിരിക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കുന്ന വിധത്തിൽ ആയിരിക്കരുത് എന്ന് താൽപര്യപ്പെടുന്നതായി ജഡ്ജി പറഞ്ഞു. “വിധി ജഡ്ജിനെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. വിധി എന്തു തന്നെയായലും അതിനെ ബഹുമാനിക്കുകയും അത് അർഹിക്കുന്ന വിധത്തിൽ അഭിസംബോധന ചെയ്യുകയും വേണം”. നവംബർ 5 ലെ തിരഞ്ഞെടുപ്പിന് ശേഷം കൃത്യം മൂന്നാഴ്ചത്തേക്ക് ശിക്ഷ വൈകിപ്പിക്കാൻ സമ്മതിച്ചുകൊണ്ട് ജസ്റ്റിസ് മർച്ചൻ പറഞ്ഞു.
ശിക്ഷാവിധി മാറ്റിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ട്രംപിൻ്റെ അഭിഭാഷകർ നിരവധി തവണ കോടതിയെ സമീപിച്ചിരുന്നു. കേസ് ഫെഡറൽ കോടതിയിലേക്ക് മാറ്റാനുള്ള രണ്ടാമത്തെ ശ്രമം പരാജയപ്പെട്ടിരിക്കുകയായിരുന്നു. ട്രംപുമായി സ്റ്റോമി ഡാനിയേൽസ് എന്ന രതിചിത്ര നടിക്കുണ്ടായിരുന്ന ബന്ധം മറച്ചു വയ്ക്കാൻ പണം നൽകിയെന്നും അതു മറച്ചുവയ്ക്കാനായി ട്രംപ് തൻ്റെ ബിസിനസ് റെക്കോർഡുകൾ തിരുത്തിയെന്നുമായിരുന്നു കേസ്. ഈ കേസിൽ 34 കുറ്റങ്ങളിൽ ട്രംപ് കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചു. ശിക്ഷവിധിക്കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.