Friday, December 5, 2025
HomeNewsഭാര്യ മരിച്ചുവെന്ന വാട്സ്ആപ്പ് സന്ദേശം ഭർത്താവിന്: അന്വേഷണത്തിൽ രണ്ടരക്കോടി രൂപ കൈക്കലാക്കി കറക്കം യുവാക്കളോടൊപ്പം

ഭാര്യ മരിച്ചുവെന്ന വാട്സ്ആപ്പ് സന്ദേശം ഭർത്താവിന്: അന്വേഷണത്തിൽ രണ്ടരക്കോടി രൂപ കൈക്കലാക്കി കറക്കം യുവാക്കളോടൊപ്പം

കൊച്ചി : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഹൈക്കോടതിയിലെത്തിയ ചെന്നൈ സ്വദേശിയുടെ ഭാര്യയെ പൊലീസ് പിടികൂടി. പരാതിക്കാരന്റെ കയ്യിൽനിന്നു സ്വർണവും പണവുമായി രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വിമൻ ഷെൽട്ടറിലാക്കി. തിരോധാനം അന്വേഷിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഇന്നു ഹാജരാക്കി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

ഗ്വാളിയർ സ്വദേശിയാണു കഥാനായിക. തട്ടിപ്പിലെ കൂട്ടാളി മലയാളിയും. വിവാഹമോചിതർക്കു വേണ്ടിയുള്ള മാട്രിമോണിയൽ സൈറ്റ് മുഖേനയാണ് തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ജൂനിയർ എൻജിനീയർ യുവതിയെ വിവാഹം കഴിച്ചത്. സുഹൃത്തുക്കളെ കാണാനെന്ന പേരിൽ അടിക്കടി കേരളത്തിൽ വന്നിരുന്ന യുവതി കുടുംബസുഹൃത്തായ തൃശൂർ സ്വദേശി ജോസഫ് സ്റ്റീവന്റെ വീട്ടിൽ തങ്ങുന്നു എന്നാണു ഭർത്താവിനോടു പറഞ്ഞത്

ജനുവരി ഒന്നിന് കേരളത്തിലേക്കു വന്ന യുവതിയെ ഏപ്രിലിൽ കൊച്ചിയിലെ മാളിലാണ് ഭർത്താവ് അവസാനം കണ്ടത്. മേയ് വരെ ഇരുവരും വാട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നു. എന്നാൽ, ജൂൺ 4ന് അഭിഭാഷകനായ ജി.എം.റാവു എന്നയാൾ ഭാര്യ മരിച്ചെന്ന സന്ദേശവും കല്ലറയുടെ ചിത്രങ്ങളും വാട്സാപ്പിൽ അയച്ചു. തുടർന്നു കന്യാസ്ത്രീയെന്നു പരിചയപ്പെടുത്തി സോഫിയ എന്ന സ്ത്രീയും ഇതേ സന്ദേശം അയച്ചു. 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു. പരാതിയിലെ ഈ വിവരങ്ങളിലൂന്നിയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

ജോസഫ് സ്റ്റീവൻ എന്ന ഒരാൾ ഇല്ലെന്ന് അന്വേഷണത്തിന്റെ തുടക്കത്തിലേ വ്യക്തമായി. പരാതിക്കാരനു സന്ദേശം വന്ന വാട്സാപ് നമ്പർ തൃശൂർ സ്വദേശി ലെനിൻ തമ്പിയുടേതാണെന്നും തിരിച്ചറിഞ്ഞു. പിടികൂടി ചോദ്യം ചെയ്തപ്പോൾ ജോസഫും ജി.എം.റാവുവും ലെനിൻ തന്നെയാണെന്നു വ്യക്തമായി. യുവതിയുടെ വിവരങ്ങളും ലഭിച്ചു.

സിസ്റ്റർ സോഫിയ എന്ന പേരിൽ പരാതിക്കാരനെ വിളിച്ചതും ചിത്രങ്ങൾ അയച്ചതും യുവതി തന്നെയെന്നും പനമ്പിള്ളിനഗറിൽ ഇവർ നടത്തുന്ന ഫാഷൻ സ്ഥാപനത്തിലോ വൈറ്റിലയിലെ ഫ്ലാറ്റിലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ലെനിൻ പറഞ്ഞു. എന്നാൽ ഈ രണ്ടിടത്തും യുവതിയെ കണ്ടെത്താനായില്ല. തുടർന്നു യുവതിയുടെ മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഞെട്ടി.

സെൻട്രൽ സ്റ്റേഷനു 400 മീറ്റർ അടുത്ത് യുവതി ഉണ്ടെന്നായിരുന്നു വിവരം. പരിശോധനയിൽ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നു രണ്ടു യുവാക്കൾക്കൊപ്പം യുവതിയെ പിടികൂടി. ലെനിൻ തമ്പിയെ പൊലീസ് പൊക്കി എന്ന വിവരമറിഞ്ഞു നിരീക്ഷണത്തിനായി സ്റ്റേഷൻ പരിസരത്ത് എത്തിയതായിരുന്നു ഇവർ. ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പായതിനാൽ കോടതി നിർദേശപ്രകാരം കേസെടുത്തു തുടർനടപടികളുമായി മുന്നോട്ടു പോകാനാണു പൊലീസ് നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments