വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ കേസുകൾ കൈകാര്യം ചെയ്ത മുൻ പ്രോസിക്യൂട്ടർക്കെതിരെ അന്വേഷണം. കേസുകൾ കൈകാര്യം ചെയ്ത സ്പെഷൽ കൗൺസിൽ ജാക്ക് സ്‌മിത്തിനെതിരെയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. അമേരിക്കയിലെ ഓഫിസ് ഓഫ് സ്പെഷൽ കൗൺസിലാണ് അന്വേഷണം നടത്തുന്നത്.
ഫെഡറൽ ജീവനക്കാരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹാച്ച് നിയമം ലംഘിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം.റിപ്പബ്ലിക്കൻ പാർട്ടി ട്രംപിനെതിരെ ചുമത്തിയ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടണിന്റെ അപേക്ഷയെ തുടർന്ന് അന്വേഷണം തുടങ്ങിയത്. 2024ലെ തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതോടെ സിറ്റിങ് പ്രസിഡന്റിനെ വിചാരണ ചെയ്യാൻ പാടില്ലെന്ന നയം ചൂണ്ടിക്കാട്ടി സ്മിത്ത് ഈ കേസുകൾ ഉപേക്ഷിച്ചു.
ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണിയായിരുന്ന ഫാണി വില്യംസിനും സമാനമായ ആരോപണങ്ങളെ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്നിട്ടുണ്ട്. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ അന്വേഷണം നടത്തിയ വില്യംസ് തന്റെ ടീമിൽ ഉൾപ്പെട്ട പ്രോസിക്യൂട്ടറുമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താൽപര്യ വൈരുദ്ധ്യം കാരണം വില്യംസിനെ കേസിൽ നിന്ന് കോടതി നീക്കിയത്.