ലണ്ടൻ : ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് വേണ്ടത് ഒമ്പതു വിക്കറ്റുകൾ. പരമ്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് 324 റൺസും.മൂന്നാംദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്.
ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ സെഞ്ച്വറിയുടെയും ആകാശ് ദീപ്, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 396 റൺസെടുത്തു. പരമ്പരയിൽ നിലവിൽ 2-1ന് പിന്നിലാണ് ഇന്ത്യ. നൈറ്റ് വാച്ച്മാനായി ബാറ്റിങ്ങിനെത്തിയ ആകാശ് തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്കു വേണ്ടി പുറത്തെടുത്തത്.
താരത്തിന്‍റെ കന്നി ടെസ്റ്റ് അർധ സെഞ്ച്വറിയാണിത്. ഉയർന്ന ഫസ്റ്റ് ക്ലാസ് സ്കോറും -66 റൺസ്. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ രക്ഷകനാകുന്ന പതിവ് ഇത്തവണയും ഓൾ റൗണ്ടർ ജഡേജ തെറ്റിച്ചില്ല. മാഞ്ചസ്റ്ററിൽ സെഞ്ച്വറി നേടിയ താരം, ഓവലിൽ 53 റൺസെടുത്താണ് പുറത്തായത്.
പരമ്പരയിൽ താരത്തിന്‍റെ റൺ സമ്പാദ്യം 512 റൺസായി. പരമ്പരയിൽ ശുഭ്മൻ ഗിൽ (754 റൺസ്), കെ.എൽ. രാഹുൽ (532) എന്നിവർക്കു പിന്നാലെ 500 റൺസ് സ്കോർ പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജഡേജ. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കുവേണ്ടി മൂന്നു താരങ്ങൾ 500 റൺസ് നേടുന്നത് ഇതാദ്യമാണ്.
ടെസ്റ്റ് കരിയറിലെ ആറാം സെഞ്ച്വറിയാണ് ജയ്സ്വാൾ ഓവലിൽ സ്വന്തമാക്കിയത്. മൂന്നാം ദിനം രണ്ടിന് 75 റൺസെന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്കുവേണ്ടി ജയ്‌സ്വാളും ആകാശും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.
ഇംഗ്ലീഷ് ബൗളർമാർ മാറിമാറി പരീക്ഷിച്ചെങ്കിലും ഇരുവരെയും പുറത്താക്കാനായില്ല. ജയ്സ്വാളിനെ കാഴ്ചക്കാരനാക്കി ആകാശ് ഇംഗ്ലീഷ് ബൗളർമാരെ ഇടവിട്ട് ബൗണ്ടറി കടത്തി സ്കോർ ഉയർത്തി. ജമീ ഓവർട്ടണിന്‍റെ പന്തിൽ ഗസ് അറ്റ്കിൻസണ് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശിന്‍റേത്. പിന്നാലെ ക്രീസിലെത്തിയ നായകൻ ശുഭ്മൻ ഗില്ലിനും (ഒമ്പത് പന്തിൽ 11) കരുൺ നായർക്കും നിലയുറപ്പിക്കാനായില്ല. സെഞ്ച്വറി നേടിയ ജയ്സ്വാളിനെ ജോഷ് ടോങ് പുറത്താക്കി.
ഇന്ത്യ ആറിന് 273. ജഡേജയും ധ്രുവ് ജുറേലും ചേർന്ന് ടീം സ്കോർ 300 കടത്തി. 46 പന്തിൽ 34 റൺസെടുത്ത ജുറേലിനെ ജമീ ഓവർട്ടൺ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മുഹമ്മദ് സിറാജ് (പൂജ്യം) വന്നപോലെ മടങ്ങി.
പത്താം വിക്കറ്റിൽ പ്രസിദ്ധ് കൃഷ്ണയെ കാഴ്ചക്കാരനാക്കി തകർത്തടിച്ചാണ് വാഷിങ്ടൺ അർധ സെഞ്ച്വറി കുറിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ജോഷ് ടോങ് അഞ്ചു വിക്കറ്റെടുത്തു. ഗസ് അറ്റ്കിൻസൺ മൂന്നും ജമീ ഓവർട്ടൺ രണ്ടും വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 247 റൺസിന് പുറത്തായിരുന്നു. തിരിച്ചടിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 247 റൺസിൽ ഒതുക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുണ്ടായിരുന്നത്.

