ഗാസ സിറ്റി : യുദ്ധത്തില്‍ വലയുന്ന ഗാസയിലെ ജനങ്ങള്‍ക്കായുള്ള രണ്ട് സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു. കൊടും പട്ടിണിയില്‍ ഭക്ഷണം തേടിയെത്തിയ പത്ത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.
അതേസമയം, സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇസ്രായേലില്‍ നിന്നുള്ള സിക്കിം ക്രോസിംഗിന് സമീപം തടിച്ചുകൂടിയ 19 പേര്‍ കൂടി വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് മേധാവി ഫാരെസ് അവാദ് പറഞ്ഞു.
യുദ്ധത്തിനു പിന്നാലെ ഗാസ കട്ടുത്ത പട്ടിണിയിലാണെന്ന യുഎന്‍ റിപ്പോര്‍ട്ട് അടക്കം ചര്‍ച്ചയാകുകയും ഇസ്രയേലിന് സഹായം നല്‍കുന്ന യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. എങ്കിലും ഭക്ഷണം തേടിയെത്തുന്ന ജനങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇസ്രയേല്‍ സൈന്യം തുടരുകയാണ്.

