വാഷിങ്ടന്‍ : ബാക്ക്പേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യു.എസ് നീതിന്യായ വകുപ്പ് (ഡിഒജെ) അറിയിച്ചു. പോര്‍ട്ടലിന്റെ ലാഭവുമായി ബന്ധപ്പെട്ട് 2024 ഡിസംബറില്‍ 200 മില്യന്‍ ഡോളറിലധികം വരുന്ന ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ഈ ഫണ്ടുകളാണ് ഇപ്പോള്‍ മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത്.
ഓണ്‍ലൈന്‍ വഴിയോ ബാക്ക്‌പേജ് പെര്‍മിഷന്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 2 ആണ്. 2004 ജനുവരി 1 മുതല്‍ 2018 ഏപ്രില്‍ 6 വരെ സൈറ്റില്‍ പോസ്റ്റ് ചെയ്ത പരസ്യങ്ങളിലൂടെ മനുഷ്യക്കടത്തിന് ഇരയാകുകയും അതുവഴി സാമ്പത്തിക നഷ്ടം ഉണ്ടായവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

