Friday, December 5, 2025
HomeNewsപതിനെട്ടാം നിലയിൽ നിന്ന് മൂന്ന് വയസുകാരൻ വീണു; കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു

പതിനെട്ടാം നിലയിൽ നിന്ന് മൂന്ന് വയസുകാരൻ വീണു; കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു

പതിനെട്ടാം നിലയിലെ അപ്പാർട്മെൻ്റിൽ നിന്ന് താഴേക്ക് വീണ മൂന്ന് വയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ സിയാങ് പ്രവിശ്യയിലുള്ള ഹാങ്സൂവിൽ ജൂലൈ 15 നാണ് അപകടം നടന്നത്. ശുചിമുറിയിലെ ജനാല വഴിയാണ് മൂന്ന് വയസുകാരൻ താഴേക്ക് ചാടിയത്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടിൽ മുത്തശിക്കും മുത്തശനുമൊപ്പമാണ് ഉണ്ടായിരുന്നത്. കുട്ടി ഉറങ്ങിയ സമയത്ത് കൂട്ടിരിപ്പുകാർ സാധനം വാങ്ങാൻ കടയിലേക്ക് പോയി. ഈ സമയത്ത് ഉറക്കമുണർന്ന കുട്ടി ശുചിമുറിയിലെ തുറന്നിട്ട അഴികളില്ലാത്ത ജനാല വഴി താഴേക്ക് ചാടിയെന്നാണ് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ താഴെയുണ്ടായിരുന്ന ഒരു മരത്തിൽ ഇടിച്ച ശേഷമാണ് കുട്ടി നിലത്തേക്ക് വീണത്. കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് കുട്ടിയെ തറയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവർ വീഡിയോ ദൃശ്യം കെട്ടിടത്തിലെ താമസക്കാരുടെ ഗ്രൂപ്പിൽ പങ്കുവെക്കുകയും ഇത് കണ്ട് കുട്ടിയുടെ അച്ഛൻ ഴൂ തൻ്റെ മകനാണ് അപകടം പറ്റിയതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

വീഴ്ചക്കിടെ പതിനേഴാം നിലയിലെ ജനാലയിൽ തട്ടി ഗതി മാറിയതോടെ കുട്ടി താഴെയുള്ള മരത്തിലേക്ക് പതിച്ച് ഇവിടെ നിന്ന് തറയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടർമാരാണ് കുട്ടിയുടേത് അദ്ഭുതകരമായ രക്ഷപ്പെടലാണെന്ന് പറയുന്നത്.കുട്ടിയുടെ ഇടത് കൈക്കും നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും പരിക്കുണ്ട്. എന്നാൽ തലയ്ക്ക് പരിക്കേറ്റിട്ടില്ല. അതിനാൽ തന്നെ അപകടത്തിന് ശേഷവും കുട്ടിക്ക് ബോധം നഷ്ടമായിരുന്നില്ല. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments