ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം മഴ നിഴലിലായിരുന്നു. ഇടക്കു പെയ്ത കനത്ത മഴമൂലം രണ്ട് തവണ കളി നിർത്തിവെച്ചു. കളി പുനരാരംഭിച്ചപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിൽ ആശ്വാസതീരമണയുകയാണ്.
മഴമൂലം ആദ്യദിനം 64 ഓവറേ എറിയാൻ സാധിച്ചുള്ളൂ . തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഇന്ത്യക്ക് കരുൺ നായരുടെയും വാഷിങ് ടൺ സുന്ദറിന്റെയും കൂട്ടുകെട്ടാണ് 200 കടത്തിയത്.
ആദ്യദിനം കളി നിർത്തുമ്പോർ 98 പന്തിൽ 52 റൺസുമായി കരുണും 45 പന്തിൽ 19 റൺസുമായി സുന്ദറുമാണ ക്രീസിൽ. ഓപണർമാരായ യശസ്വി ജയ്സ്വാളും (2) കെ.എൽ. രാഹുലും (14) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (21) സായി സുദർശനും (38) രവീന്ദ്ര ജഡേജയും (9) ധ്രുവ് ജൂറലും (19) പുറത്തായി. കരുൺ നായരും വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒല്ലി പോപ്പ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേൽ പ്ലേയിങ് ഇലവനിലെത്തി. പേസർമാരായ ജസ്പ്രീത് ബുംറ, അന്‍ഷുൽ കാംബോജ്, ഓൾ റൗണ്ടർ ശാര്‍ദുല്‍ ഠാകുര്‍ എന്നിവര്‍ കളിക്കുന്നില്ല. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, കരുണ്‍ നായര്‍ എന്നിവരെ പകരക്കാരാക്കി. 1-2ന് പിന്നിൽ നിൽക്കുന്ന ഇന്ത്യക്ക് പരമ്പര സമനിലയിലെങ്കിലും പിടിക്കാൻ ജയം അനിവാര്യമാണ്.മൂന്നാം ഓവറിൽത്തന്നെ ഇന്ത്യക്ക് ജയ്സ്വാളിനെ നഷ്ടമായി.
ഗസ് അറ്റ്കിൻസണിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപണർ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സ്കോർ ബോർഡിൽ അപ്പോൾ 10 റൺസ് മാത്രം. രാഹുലും സായിയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം 15 ഓവർ വരെ നീണ്ടു. 16ാം ഓവറിലെ ആദ്യ പന്തിൽ രാഹുലിനെ ക്രിസ് വോക്സ് ബൗൾഡാക്കി വിട്ടു. 40 പന്തിലാണ് ഓപണർ 14 റൺസ് നേടിയത്. രണ്ടിന് 38ലേക്ക് പരുങ്ങിയ ടീമിനെ കരകയറ്റാൻ ക്യാപ്റ്റൻ ഗിൽ കളത്തിലിറങ്ങി. സായി-ഗിൽ സഖ്യം ഇന്ത്യയെ 23 ഓവറിൽ രണ്ടിന് 72ലെത്തിച്ചതിന് പിന്നാലെ മഴ.
സായി 28ഉം ഗിൽ 15ഉം റൺസുമായി ക്രീസിൽ. മഴ തുടർന്നതോടെ, ഉച്ച ഭക്ഷണത്തിന് സമയമായി. രണ്ട് മണിക്കൂറിനു ശേഷമാണ് കളി പുനരാരംഭിച്ചത്. അറ്റ്കിൻസൺ എറിഞ്ഞ 28ാം ഓവറിലെ രണ്ടാം പന്ത്. ക്രീസിന്റെ പരിസരത്ത് ഡിഫൻഡ് ചെയ്തിട്ട പന്തിൽ അനാവശ്യ റണ്ണിന് ബാറ്റർ ഗില്ലിന്റെ ശ്രമം. പകുതിപോലും പിന്നിടും മുമ്പെ തിരിഞ്ഞോടിയെങ്കിലും അറ്റ്കിൻസണിന് ഉന്നം പിഴച്ചില്ല. 35 പന്തിൽ 21 റൺസെടുത്ത നായകൻ നിരാശയോടെ പവിലിയനിലേക്ക്. 83 റൺസിലാണ് മൂന്നാം വിക്കറ്റ് വീണത്. രണ്ടാം സെഷനിൽ എറിയാനായത് ആറ് ഓവർ മാത്രം.

