Monday, December 8, 2025
HomeNewsമാലെഗാവ് സ്‌ഫോടനം: മുന്‍ ബിജെപി എംപി ഉള്‍പ്പെടെ ഏഴു പ്രതികളെയും വെറുതെ വിട്ട് എന്‍ഐഎ...

മാലെഗാവ് സ്‌ഫോടനം: മുന്‍ ബിജെപി എംപി ഉള്‍പ്പെടെ ഏഴു പ്രതികളെയും വെറുതെ വിട്ട് എന്‍ഐഎ കോടതി

ന്യൂഡല്‍ഹി : മാലെഗാവ് സ്‌ഫോടനക്കേസില്‍ മുന്‍ ബിജെപി എംപി ഉള്‍പ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ട് പ്രത്യേക എന്‍ഐഎ കോടതി. ഗൂഢാലോചന തെളിയിക്കാനായില്ലെന്നും സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നാണ് സ്‌ഫോടനം നടന്നത്. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനില്‍ മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബിജെപി മുന്‍ എംപി, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികളായ കേസില്‍ ഏകദേശം 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മുന്‍ എംപി പ്രജ്ഞാ സിങ് താക്കൂര്‍ (55), സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് (53) എന്നിവരുള്‍പ്പെടെയുള്ള ഹിന്ദു തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘത്തെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ രമേശ് ശിവാജി ഉപാധ്യായ (73), പൂനെ ആസ്ഥാനമായുള്ള വ്യവസായി സമീര്‍ ശരദ് കുല്‍ക്കര്‍ണി (53), പുരോഹിതിന്റെ അടുത്ത സഹായികളായ അജയ് ഏക്നാഥ് രഹിര്‍ക്കര്‍ (56), സുധാകര്‍ ഓംകാര്‍നാഥ് ചതുര്‍വേദി (53), സ്വയം പ്രഖ്യാപിത ശങ്കരാചാര്യരായ സ്വാമി അമൃതാനന്ദ് ദേവതീര്‍ത്ഥ് (56) എന്നറിയപ്പെടുന്ന സുധാകര്‍ ധര്‍ ദ്വിവേദി എന്നിവരാണ് കേസില്‍ കുറ്റാരോപിതരായ മറ്റുള്ളവര്‍.

ഭീകരത, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2008ലെ റമദാന്‍ മാസത്തില്‍, മാലേഗാവിലെ ഒരു മുസ്ലീം ആധിപത്യ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സ്ഫോടനം മുസ്ലീം സമൂഹത്തിലെ ഒരു വിഭാഗത്തെ ഭയപ്പെടുത്താനും, അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുത്താനും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും, സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ഭീഷണിപ്പെടുത്താനും ആസൂത്രണം ചെയ്തതാണെന്ന് എന്‍ഐഎ അവരുടെ അന്തിമ വാദങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്‌ഫോടനത്തെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ കേസിന്റെ അന്വേഷണം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഏല്‍പ്പിച്ചിരുന്നു. 2018 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2025 ഏപ്രിലിലാണ് അവസാനിച്ചത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments