Tuesday, November 11, 2025
HomeAmericaറെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലർ പാർട്ടിയിൽ പങ്കെടുത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ...

റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലർ പാർട്ടിയിൽ പങ്കെടുത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

പി പി ചെറിയാൻ

നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോർട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പിൽ ബാച്ചിലർ പാർട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഗ്രാൻഡ് സിയറ റിസോർട്ടിന് പുറത്ത് നടന്ന വെടിവയ്പ്പിൽ 26 വയസ്സുകാരനായ ഡക്കോട്ട ഹാവർ എന്ന പ്രതിയെ റെനോ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചുവീഴ്ത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സ്പാർക്സ് പോലീസ് അറിയിച്ചു.

രാവിലെ 7:30-ഓടെ റിസോർട്ടിന്റെ വാലെറ്റ് ഏരിയയിൽ ഹാവർ അഞ്ച് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിൽ 33 വയസ്സുകാരായ ജസ്റ്റിൻ അഗ്വില, ആൻഡ്രൂ കനേപ എന്നിവർ മരണപ്പെട്ടു. ബാച്ചിലർ പാർട്ടിക്കായി സുഹൃത്തുക്കളോടൊപ്പം നഗരത്തിലെത്തിയ ഇവർ വിമാനത്താവളത്തിലേക്ക് പോകാൻ കാത്തിരിക്കുകയായിരുന്നു.

വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്നാമത്തെയാൾ, 66 വയസ്സുകാരനായ റെനോ നിവാസി ഏഞ്ചൽ മാർട്ടിനെസ് ആണ്. റിസോർട്ടിന്റെ പാർക്കിംഗ് സ്ഥലത്തുകൂടി കാറിൽ പോകവെ ഇദ്ദേഹത്തിന് നിരവധി വെടിയേറ്റു. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു, മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

വെടിവയ്പ്പിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയും കൊല്ലപ്പെട്ടവരും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്നും ഹാവറിന് ക്രിമിനൽ പശ്ചാത്തലമോ മാനസികാരോഗ്യ പ്രശ്നങ്ങളോ ഉള്ളതായി രേഖകളില്ലെന്നും സ്പാർക്സ് പോലീസ് വ്യക്തമാക്കി. വെടിവയ്പ്പിൽ ഉൾപ്പെട്ട ആറ് റെനോ പോലീസ് ഉദ്യോഗസ്ഥരെയും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments