ന്യൂഡല്‍ഹി: മതം ചോദിച്ച ശേഷം, കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പടുത്തുകയായിരുന്നു പഹല്‍ഗാമില്‍ സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കിരാതമായ ആ നടപടിയെ താന്‍ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുതാപം പ്രകടിപ്പിക്കുന്നെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ അമിത് ഷാ പറഞ്ഞു
പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍, അവര്‍ക്ക് സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ വിമർശിച്ചു.
ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്നും അമിത് ഷാ പറഞ്ഞു. സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാന്‍, ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ്, ജിബ്രാനും. ബൈസരണ്‍ താഴ്‌വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞു, അമിത് ഷാ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

