തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം. അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.
എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി. ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിപി ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചത്.