Friday, December 5, 2025
HomeNewsനിർബന്ധിത മതപരിവർത്തനം: മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ ഛത്തീസ്ഗ‍ഢില്‍ അറസ്റ്റില്‍

നിർബന്ധിത മതപരിവർത്തനം: മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ ഛത്തീസ്ഗ‍ഢില്‍ അറസ്റ്റില്‍

ആലപ്പുഴ: ഛത്തീസ്ഗ‍ഢില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ അറസ്റ്റില്‍. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് വെള്ളിയാഴ്ച്ച ഇവരെ ഛത്തീസ്ഗ‍ഢ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറോ മലബാർ സഭയുടെ കീഴില്‍ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്ന്യാസ സഭയിലെ അംഗങ്ങളാണ് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ വന്ദനയും പ്രീതിയും. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞുവെക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നല്‍കിയതോടെ സ്ഥിതി വഷളായി. പെണ്‍കുട്ടികള്‍ ആധാർ കാർഡുകള്‍ കരുതിയിരുന്നില്ല. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇത്തരം പ്രശ്നങ്ങള്‍ പതിവായതോടെ പൊതുവിടങ്ങളില്‍ യാത്രചെയ്യുമ്ബോള്‍ സഭാവസ്ത്രം ഉപേക്ഷിച്ച്‌ സാധാരണവേഷം ധരിക്കാൻ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിർദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ഉത്തരേന്ത്യയില്‍ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർതന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിർദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതു ചെയ്യാറുണ്ടെങ്കിലും സഹോദരനൊപ്പം വരുന്ന പെണ്‍കുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിർന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കുവരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments