തൃശ്ശൂര്‍: പാമ്പുകടിയേറ്റ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്. മാള സ്വദേശി ബിനോയിയുടെ മകള്‍ അവ്‌റിന്റെ മരണത്തിലാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരിക്കുന്നത്. പാമ്പുകടിയേറ്റ കുട്ടിയ്ക്ക് കൃത്യസമയത്ത് ചികിത്സനല്‍കിയില്ലെന്നും ആന്റിവെനം ഇന്‍ജക്ഷന്‍ നല്‍കാതെ സമയം നഷ്ടപ്പെടുത്തിയെന്നുമാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍. 2021 മാര്‍ച്ച് 24-നാണ് മൂന്നുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ പാമ്പുകടിച്ചത്. കടിയേറ്റ ഉടന്‍ കുട്ടി മുത്തശ്ശിയോടും മുത്തച്ഛനോടും കാര്യം പറഞ്ഞു. ‘കോക്കാച്ചി’ കടിച്ചെന്നാണ് കുട്ടി പറഞ്ഞതെന്നായിരുന്നു ഇവരുടെമൊഴി. ഉടന്‍തന്നെ മുത്തച്ഛനും മുത്തശ്ശിയും കുട്ടിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ കുട്ടിയുടെ കൈ നീലനിറമായിരുന്നു. എന്നാല്‍, അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവിടെ ഒപി ടിക്കറ്റെടുത്ത് കാത്തിരിക്കേണ്ടിവന്നെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പാമ്പുകടിച്ചെന്ന് സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തരമായി പരിശോധിക്കാനോ ആന്റിവെനം നല്‍കാനോ തയ്യാറായില്ലെന്നും കുടുംബം നല്‍കിയ പരാതിയിലുണ്ടായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും യാത്രാമധ്യേ മരണംസംഭവിക്കുകയുമായിരുന്നു.
കുട്ടിയുടെ മരണത്തിനിടയാക്കിയത് കൃത്യസമയത്ത് ആന്റിവെനം നല്‍കാതിരുന്നതാണെന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവസമയത്ത് ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നായിരുന്നു ഡ്യൂട്ടി ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍, വീട്ടുകാര്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ആ സമയത്ത് ആശുപത്രിയില്‍ ആന്റിവെനം ഉണ്ടായിരുന്നതായാണ് മറുപടി കിട്ടിയത്. ഇതോടെയാണ് വീട്ടുകാര്‍ പരാതിയുമായി മുന്നോട്ടുപോയത്. സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടി നഴ്‌സ് ഉള്‍പ്പെടെയുള്ളവരും ഡോക്ടര്‍ക്കെതിരേ മൊഴിനല്‍കിയിരുന്നു.

