കൊച്ചി: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണം നടത്തുന്ന സി.ബി.ഐക്കു നിര്‍ണായക വിവരം ലഭിച്ചതായി സൂചന. തുമ്പൊന്നും ലഭിക്കാതെ, അന്വേഷണം ഏറെക്കുറെ നിലച്ച കേസില്‍ ഇത് സി.ബി.ഐക്കു പുതിയ ഊര്‍ജമായി.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ അച്‌ഛന്‍ ജെയിംസ് ജോസഫ് സമര്‍പ്പിച്ച തെളിവുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രറ്റ് കോടതി സ്വീകരിച്ചിരുന്നു. ചില ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറിയത്. ഇവ പരിശോധിച്ച കോടതി, ഇതേ തെളിവുകള്‍ സി.ബി.ഐ. പരിശോധിച്ചിരുന്നോ എന്നറിയാന്‍ കേസ് ഡയറി ആവശ്യപ്പെട്ടു.
കേസ് ഡയറിയില്‍ രേഖപ്പെടുത്താത്ത ചില വിവരങ്ങളുടെ അടിസ്‌ഥാനത്തിലുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം നിര്‍ണായക വഴിത്തിരിവുണ്ടായത്. തങ്ങള്‍ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സി.ബി.ഐ. നിലപാട്. ഇതേത്തുടര്‍ന്നാണ്, അച്‌ഛന്‍ ഹാജരാക്കിയ തെളിവുകള്‍ താരതമ്യം ചെയ്‌ത് സി.ജെ.എം. കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
പത്തനംതിട്ട, വെച്ചൂച്ചിറയില്‍നിന്ന് കാണാതായ ജെസ്‌നയ്‌ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണു സി.ബി.ഐ. നേരത്തേ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെതിരേയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ അച്‌ഛന്‍ കോടതിയെ സമീപിച്ചത്.
ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും സി.ബി.ഐ. കണ്ടെത്താത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും അച്‌ഛന്‍ അവകാശപ്പെടുന്നു. ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല. മറ്റൊരു സുഹൃത്തിന്റെ പങ്ക് സംബന്ധിച്ച തെളിവ് കോടതിക്കു കൈമാറിയെന്നും ജെയിംസ് പറയുന്നു.

