Thursday, October 2, 2025
HomeNewsമൈക്രോസോഫ്റ്റിന് ഇതെന്തുപറ്റി?; മനുഷ്യ വിസർജ്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാങ്ങുന്നതിനായി വൻ തുക മുടക്കി കമ്പനി

മൈക്രോസോഫ്റ്റിന് ഇതെന്തുപറ്റി?; മനുഷ്യ വിസർജ്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാങ്ങുന്നതിനായി വൻ തുക മുടക്കി കമ്പനി

മനുഷ്യവിസർജ്യം, ചാണകം, കാർഷികമാലിന്യങ്ങൾ എന്നിവ വാങ്ങാനായി 170 കോടി ഡോളർ (14700 കോടി രൂപ) മുടക്കുകയാണ് ആഗോള ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ്. ഡേറ്റാ സെന്ററുകൾ വൻതോതിൽ കാർബൺ വ്യാപനത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിൽ, കാർബൺ ബാധ്യത (കാർബൺ ഫൂട്ട്പ്രിന്റ്) കുറയ്ക്കാനുള്ള കോർപ്പറേറ്റ് കമ്പനികളുടെ പദ്ധതികളുടെ ഭാഗമായാണ്, കോടികൾ മുടക്കി മൈക്രോസോഫ്റ്റ് ജൈവമാലിന്യങ്ങൾ വാങ്ങുന്നത്.

ഇത്തരത്തിൽ ശേഖരിക്കുന്ന ജൈവമാലിന്യം ഭൂമിക്കടിയിൽ 5000 അടി ആഴത്തിൽ മറവുചെയ്യുകയാണ് പദ്ധതി. അതുവഴി 49 ലക്ഷം മെട്രിക് ടണ്ണോളം കാർബൺ ബാധ്യത ഇല്ലാതാക്കുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. യുഎസിൽ പ്രവർത്തിക്കുന്ന വോൾട്ടഡ് ഡീപ്പ് കമ്പനിയുമായി ഇതിനായി 12 വർഷത്തെ കരാറിലാണ് മൈക്രോസോഫ്റ്റ് ഏർപ്പെട്ടിരിക്കുന്നത്.

അഴുക്കുചാൽ സംവിധാനങ്ങൾ, കൃഷിയിടങ്ങൾ, പേപ്പർ മില്ലുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ വോൾട്ടഡ് ഡീപ്പ് ശേഖരിക്കുന്നത്. അത് പിന്നീട് അരച്ചുചേർച്ച് ഒരു ‘ബയൊ സ്ലറി’ ആക്കി മാറ്റുന്നു. ആ മിശ്രിതമാണ് പ്രത്യേക പമ്പുകൾ ഉപയോഗിച്ച് ഭൂമിക്കടിയിൽ സന്നിവേശിപ്പിക്കുന്നത്. ഈ പ്രക്രിയ വഴി മാലിന്യങ്ങൾ പ്രകൃതിദത്തമായി വിഘടിക്കുന്നതും, മീഥേൻ (CH4) പോലുള്ള ഹരിതഗൃഹവാതകങ്ങൾ പുറത്തുവരുന്നതും തടയാനാകുന്നു. കാർബൺ ഡയോക്സൈഡിനേക്കാൾ ആഗോളതാപനശേഷി ഉള്ളതാണ് മീഥേൻ. മീഥേനും കാർബൺ അധിഷ്ഠിതമായ വാതകം തന്നെ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യാ വ്യവസായം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് പുറം തള്ളുന്ന കാർബണിന്റെ അളവ് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അതിശക്തമായ ഡേറ്റാ സെന്ററുകൾ ആവശ്യമാണ്. വലിയ ഊർജ്ജോപഭോഗം നടത്തുന്ന ഈ ഡേറ്റാ സെന്ററുകളിൽ നിന്ന് വൻതോതിൽ കാർബൺ വ്യാപനം നടക്കുന്നുണ്ട്.

ഇത് നിയന്ത്രിക്കാൻ എന്തെല്ലാം വഴികളുണ്ടെന്ന അന്വേഷണത്തിലാണ് മൈക്രോസോഫ്റ്റ്. വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട് അനുസരിച്ച് ‘വേസ്റ്റ് ടു കാർബൺ ടെക്നോളജി’ക്ക് വേണ്ടി നടന്നിട്ടുള്ള ഏറ്റവും വലിയ നിക്ഷേപമാണ് മൈക്രോസോഫ്ടിന്റേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments