ഹൈദരാബാദ്: ഇന്ത്യക്കാരൻ ബഹിരാകാശത്ത് പോയി സുരക്ഷിതമായി മടങ്ങിവരുന്നതാണ് ഇസ്റോയുടെ അടുത്ത ലക്ഷ്യമെന്ന് ചെയർമാൻ ഡോ: എസ്. സോമനാഥ്. ആ യാത്രയുടെ കൗൺഡൗൺ തുടങ്ങിക്കഴിഞ്ഞു. ആ ദിവസം അത്ര വിദൂരമല്ല. രവീന്ദ്ര ഭാരതിയിൽ ആരംഭിച്ച സ്പെയ്സ് കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാർട്ടൂൺ അക്കാദമി, തെലങ്കാന ഫോറം ഫോർ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ്, കോൺഫെഡറേഷൻ ഓഫ് തെലങ്കു റീജൻ മലയാളി അസോസിയേഷൻസ് (സി.ടി.ആർ.എം.എ), തെലങ്കാന സാംസ്കാരിക വകുപ്പ് എന്നിവർ ചേർന്നാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന സ്പേയ്സ് ടൂൺസ് പ്രദർശനം ഒരുക്കിയത്.
തെലങ്കാന സാംസ്കാരിക മന്ത്രി ജുപ്പള്ളി കൃഷ്ണറാവു, പ്രിൻസിപ്പൽ സെക്രട്ടറി ബുറ വെങ്കിടേശം, തെലങ്കാന സാംസ്കാരിക വകുപ്പ് ഡയറക്ടർ മാമിഡി ഹരികൃഷ്ണ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, കോൺഫെഡറേഷൻ ഓഫ് തെലങ്കു റീജൻ മലയാളി അസോസിയേഷൻസ് (സി.ടി.ആർ.എം.എ) പ്രസിഡന്റ് ലെബി ബെഞ്ചമിൻ, ഹൈദരാബാദ് ഫോറം ഫോർ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് നർസിം, കാർട്ടൂണിസ്റ്റ് മൃത്യുഞ്ജയ്, സി.ടി.ആർ.എം ജനറൽ സെക്രട്ടറി ആർ. സാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ, ട്രഷറർ അഡ്വ: പി.യു. നൗഷാദ്, നിർവാഹക സമിതി അംഗം സുരേന്ദ്രൻ വാരച്ചാൽ എന്നിവരെ ആദരിച്ചു.