Monday, November 10, 2025
HomeNewsശബരിമല ട്രാക്ടർ യാത്രയിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ

ശബരിമല ട്രാക്ടർ യാത്രയിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന്റെ സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ. വിഷയത്തിൽ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് നിലവിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.

വിഷയത്തിൽ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നുമാണ് ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ടിന്മേൽ നടപടി കൈക്കൊള്ളേണ്ടത്. വിശ്വസ്തനായ അജിത് കുമാറിനെ പലപ്പോഴും സംരക്ഷിച്ചിട്ടുണ്ടെന്ന വിമർശനം കേൾക്കുന്ന മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ തള്ളുമോ കൊള്ളുമോ എന്നത് കണ്ടറിയണം.

വിവിഐപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി നേരത്തെ അജിത് കുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ചട്ടം ലംഘിച്ച് യാത്ര ചെയ്ത എഡിജിപിക്ക് എതിരെ നടപടിയെടുക്കാതെ ട്രാക്ടർ ഡ്രൈവറിനെതിരെയാണ് പമ്പ പൊലീസ് നടപടിയെടുത്തത്. ഹൈക്കോടതി നിർദേശം മറികടന്നാണ് ചരക്കുനീക്കത്തിന് മാത്രം ഉപയോഗിക്കുന്ന ട്രാക്ടറിൽ 12-ാം തീയതി ആളുകളെയും കയറ്റി സന്നിധാനത്തേക്ക് പോയത്. 13ാം തിയതി അതേ ട്രാക്ടറിൽ തിരികെ പമ്പയിൽ കൊണ്ടുവരികയും ചെയ്തു.

എന്നാൽ അപകടം ഉണ്ടാക്കും വിധമുള്ള യാത്രയുടെ എല്ലാ ഉത്തരവാദിത്വവും ട്രാക്ടർ ഡ്രൈവർക്കാണെന്നാണ് പൊലീസ് പറയുന്നത്. നിയമലംഘനത്തിന് പ്രേരിപ്പിച്ച എഡിജിപിയെകുറിച്ച് എഫ്ഐആറിൽ പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments