ന്യൂയോർക്ക്: യു എൻ സാംസ്കാരിക, വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോയിൽ നിന്ന് അമേരിക്ക പിന്മാറുന്നുവെന്ന് ട്രംപ് ഭരണകൂടത്തിന്‍റെ പ്രഖ്യാപനം. 2026 ഡിസംബർ 31 ന് യുനെസ്കോയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. വിഭാഗീയ സാമൂഹിക, സാംസ്കാരിക വിഷയങ്ങളെ യുനെസ്കോ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് നടപടി. ‘അമേരിക്ക ഫസ്റ്റ്’ വിദേശനയവുമായി പൊരുത്തപ്പെടുന്നതല്ല യുനെസ്കോയുടെ പ്രവർത്തനങ്ങളെന്നും തീരുമാനം അറിയിച്ച യു എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വിവരിച്ചു.
യുനെസ്കോയ്ക്ക് ഇസ്രായേലിനോട് പക്ഷപാതിത്വമുണ്ടെന്നും ഭിന്നിപ്പിക്കുന്ന വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചതിലുള്ള യുനെസ്കോയുടെ ഇസ്രായേൽ വിരുദ്ധ നിലപാടും ബ്രൂസ് എടുത്തുപറഞ്ഞു. 2017 ലെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് സമാനമായി യുനെസ്കോയിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ജോ ബൈഡൻ ഭരണകൂടം യു എസിനെ വീണ്ടും യുനെസ്കോയിൽ എത്തിച്ചിരുന്നു.
യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൗലെ യു സിന്റെ പുതിയ തീരുമാനത്തെ ‘നിരാശാജനകമാണ്’ എന്നാണ് പറഞ്ഞത്. ഈ നീക്കം ‘പ്രതീക്ഷിച്ചിരുന്നതാണ്’ എന്നും സംഘടന ഇതിനെ നേരിടാൻ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു.
യുനെസ്കോയുടെ ബജറ്റിന്റെ 8% മാത്രമാണ് യു എസ് ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 മുതൽ ഫണ്ടിംഗ് ഉറവിടങ്ങൾ വൈവിധ്യവത്കരിച്ചതിനാൽ സാമ്പത്തിക പ്രത്യാഘാതം പരിമിതമായിരിക്കുമെന്നും ഓഡ്രി അസൗലെ വിവരിച്ചു.അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യുനെസ്കോയ്ക്ക് ‘അചഞ്ചലമായ പിന്തുണ’ പ്രഖ്യാപിച്ചു. അതേസമയം ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം മാറ്റുമെന്നുള്ള പ്രതീക്ഷയാണ് യുനെസ്കോയുടെ ഭാരവാഹികൾക്കുള്ളത്