അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വീസ നൽകുന്നത് പുനരാരംഭിക്കാന്‍ ഇന്ത്യ. ജൂലൈ 24 മുതൽ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 2020 ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുന്നത് ഇന്ത്യ നിര്‍ത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തോടെ ഈ വിലക്ക് നീട്ടുകയായിരുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വീസ നൽകുന്നത് ബീജിംഗ് ക്രമേണ പുനരാരംഭിച്ചെങ്കിലും മറ്റ് യാത്രാവിലക്കുകള്‍ തുടര്‍ന്ന് പോന്നു. നിലവില്‍ ഇന്ത്യ– ചൈന ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അനുകൂല സമീപനമാണ് ഇന്ത്യയുടേതെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ ഇന്ത്യൻ വീസ അപേക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്‌ത് പാസ്‌പോർട്ടും മറ്റ് ആവശ്യമായ രേഖകളും നേരിട്ട് സമർപ്പിച്ചാൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്നാണ് ചൈനയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.