അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ യുഎസിൽ നിന്ന് ഇതുവരെ1563 ഇന്ത്യൻ പൗരന്മാരെ നാടുകടത്തി. 2025 ജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ കണക്കാണിത്. മിക്കവരും വാണിജ്യ വിമാനങ്ങൾ വഴിയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചവരും വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങിയവരുമാണ് നാടുകടത്തപ്പെട്ടത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണിത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയിലെ അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിയമപരമായി അനുമതിയില്ലാതെ യുഎസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മതിയായ രേഖകളില്ലാതെ 18000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ ഉണ്ടെന്നും അവരെ തിരിച്ചയക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ ഈ ആവശ്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അംഗീകരിച്ചിരുന്നു. അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെവിടെയുമുള്ള ഇന്ത്യക്കാർക്ക്, അവര്‍ക്ക് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഉണ്ടെങ്കില്‍ അവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.