ന്യൂഡൽഹി: കേരള എൻജിനീയറിങ് പ്രവേശന (കീം) പരീക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ഹൈകോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കി. വിദ്യാർഥികൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
നിയമപ്രശ്നങ്ങളില്ലെങ്കിൽ ഈ വർഷത്തെ കീം നടപടികളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
പ്രോസ്പെക്ടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റ് ഹൈകോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസ്പെക്ടസിൽ കേരള സർക്കാർ വരുത്തിയ മാറ്റത്തെ സംശയിക്കുന്നില്ല. എന്നാൽ, പുതിയ നയം കൊണ്ടുവരുമ്പോൾ അക്കാര്യം മുൻകൂട്ടി പ്രഖ്യാപിക്കണമായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി.

