ഗസ്സ സിറ്റി: മധ്യ ഗസ്സയിൽ കാനുകളിൽ വെള്ളം നിറക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. ഏഴു കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ നുസൈറത്തിന്റെ അൽ അവ്ദ ആശുപത്രിയിലേക്കു മാറ്റി. അൽ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം ഒഴിഞ്ഞ കാനുകളുമായി ക്യൂ നിന്നിരുന്ന ജനക്കൂട്ടത്തിന് നേരെ സൈന്യം ഡ്രോൺ മിസൈൽ പ്രയോഗിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു
ആക്രമണത്തിനുപിന്നാലെ പരിഭ്രാന്തിയുടെയും നിരാശയുടെയും നിലവിളികളോടെ രക്തം പുരണ്ട കുട്ടികളുടെയും ചേതനയറ്റ കുഞ്ഞുശരീരങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ വാഹനങ്ങളിലും കഴുത വണ്ടികളിലുമാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.ഞായറാഴ്ച മധ്യ ഗസ്സയിലും ഗസ്സ സിറ്റിയിലും അഭയാർഥികൾ കഴിയുന്ന കെട്ടിടങ്ങൾക്ക് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായി 19 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് പറഞ്ഞു.
ശനിയാഴ്ച റഫയിലെ ഫീൽഡ് ആശുപത്രിയിൽ ആയുധങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളോടെ 132 രോഗികളെ പ്രവേശിപ്പിച്ചതായും അതിൽ 31പേർ മരിച്ചതായും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് അറിയിച്ചു. രോഗികളിൽ ഭൂരിപക്ഷത്തിനും വെടിയേറ്റ മുറിവുകളുണ്ടെന്നും പരിക്കേറ്റ എല്ലാവരും ഭക്ഷണ വിതരണ സ്ഥലങ്ങളിലേക്കെത്താനുള്ള ശ്രമത്തിലായിരുന്നുവെന്നും ഐ.സി.ആർ.സി പറഞ്ഞു.

