Friday, December 5, 2025
HomeNewsഇവി ബാറ്ററികൾ ലാഭം ഏതാണ്?; ആജീവനാന്ത വാറണ്ടിയോ അതോ "ബാസ്" സമ്പ്രദായമോ ലാഭകരം; അറിയാം ഇവി...

ഇവി ബാറ്ററികൾ ലാഭം ഏതാണ്?; ആജീവനാന്ത വാറണ്ടിയോ അതോ “ബാസ്” സമ്പ്രദായമോ ലാഭകരം; അറിയാം ഇവി മേഖല

അടുത്ത കാലത്തായി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങളോടുള്ള അയിത്തമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇവികളോടുള്ള താല്‍പര്യം വര്‍ധിക്കുന്നതായി മനസ്സിലാക്കി നിരവധി പുതിയ കമ്പനികൾ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, ഇലക്‌ട്രിക് കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്നോട്ട് വലിക്കുന്നതില്‍ പ്രധാനമാണ് ബാറ്ററിയുടെ ആയുസ്. ഒരു ഇലക്‌ട്രിക് കാറിന്റെ വിലയുടെ 40 ശതമാനത്തോളം ബാറ്ററിക്കാണ് മുടക്കുന്നതെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ആജീവനാന്ത വാറണ്ടി വാഗ്ദാനം ചെയ്താല്‍ പോലും ചിലര്‍ക്ക് തൃപ്തി വരില്ല. ഈ ഒരു സാഹചര്യത്തിലാണ് ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) എന്ന ആശയം ചില കമ്പനികൾ നടപ്പാക്കിയത്.

നിലവില്‍ എംജി മോട്ടോറിന്റെ വിന്‍ഡ്‌സര്‍ ഇവി ബാസ് സ്‌കീം നടപ്പില്‍ വരുത്തി വിജയിച്ച ഒരു മോഡല്‍ ആണ്. ഒന്നിലേറെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഇപ്പോള്‍ ബാസ് സ്‌കീമിലൂടെ വില്‍പ്പനക്കെത്തുന്നുണ്ട്. ബാസ് പ്രോഗ്രാമിന് കീഴില്‍ ഇവി വാങ്ങുമ്പോൾ പ്രാരംഭ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും. അതുപോലെതന്നെ ബാറ്ററിയെക്കുറിച്ചുള്ള ആശങ്കകളും ഇല്ലാതാക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ബാസിന് കീഴില്‍ ബാറ്ററി വാടകയ്ക്ക് എടുക്കുന്നതാണോ അതോ ഇവി മുഴുവനായി വാങ്ങുന്നതാണോ ലാഭകരമെന്ന് നമുക്ക് നോക്കിയാലോ?

.ഇപ്പോള്‍ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് കിലോമീറ്ററിന് ഏകദേശം 3.5 രൂപയാണ് ബാറ്ററി സബ്‌സ്‌ക്രിപ്ഷന് നല്‍കേണ്ടത്. മാസം കുറഞ്ഞത് 1500 കിലോമീറ്റര്‍ ഓടിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ബാറ്ററി വാടകയായി മാസം 5,250 രൂപ നല്‍കേണ്ടിവരും. കുറഞ്ഞ ഉപയോഗമാണെങ്കില്‍പ്പോലും ഈ തുക നല്‍കണം. ഒരു വര്‍ഷം ഏകദേശം 63,000 രൂപയാണ് ഇതിനായി അടയ്ക്കേണ്ടി വരുന്നത്. ഇതിനുപുറമെ വിന്‍ഡ്‌സറിലെ 38 Kwh ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 38 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.

യൂണിറ്റിന് 10 രൂപ നിരക്കില്‍ കണക്കാക്കിയാല്‍ പോലും 380 രൂപ കറന്റ് ചാര്‍ജ് ആകും. വിന്‍ഡ്‌സര്‍ ഇവിക്ക് ഫുള്‍ചാര്‍ജില്‍ ഏകദേശം 331 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. അങ്ങിനെ വരുമ്പോൾ 1500 കിലോമീറ്റര്‍ ഓടാന്‍ ഏകദേശം 4-5 തവണ ചാര്‍ജ് ചെയ്യേണ്ടി വരും. ഒരു തവണത്തേക്ക് 380 രൂപയാണെങ്കില്‍ 5 തവണത്തേക്ക് വൈദ്യുതി ചാര്‍ജ് 1900 രൂപ വരും. മൊത്തത്തില്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 7150 രൂപയോളം ചിലവഴിക്കേണ്ടി വരും.ഇനി നിങ്ങള്‍ ബാറ്ററി ചെലവടക്കം വഹിച്ച്‌ ഇവി മുഴുവനായി സ്വന്തമാക്കുകയാണെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള ചെലവ് മാത്രമേ വരൂ.

അതേസമയം ബാസിന് കീഴില്‍ 9.99 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന മോഡലിന്റെ വില ഏകദേശം 14 ലക്ഷം രൂപയായി ഉയരും. ഇങ്ങനെ വാങ്ങുമ്പോൾ ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി ലഭിക്കുമെന്ന കാര്യം കൂടി ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഇവി 8 വര്‍ഷം കൊണ്ട് 1.5 ലക്ഷം കിലോമീറ്റര്‍ ഓടിക്കുന്നു എന്ന് കരുതുക.ബാറ്ററി സബ്‌സ്‌ക്രിപ്ഷന് 1500 കിലോമീറ്ററിന് 5,250 രൂപയാണ് ചിലവെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 5.25 ലക്ഷം രൂപ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് മാത്രം നല്‍കേണ്ടിവരും.

അതേസമയം കാര്‍ ബാറ്ററിയടക്കം വാങ്ങുമ്പോൾ ഏകദേശം 4 ലക്ഷം രൂപയാണ് അധികം വരുന്നത്. ഇത് വായിച്ചപ്പോള്‍ ഇവി ബാറ്ററി സഹിതം വാങ്ങുന്നതല്ലേ ലാഭം എന്ന് തോന്നാം. എന്നാല്‍ ബാസ് സ്‌കീമിന് കീഴില്‍ ഇവി വാങ്ങുമ്ബോള്‍ വിലയില്‍ 4 ലക്ഷം രൂപ കുറവ് ലഭിക്കുന്നുണ്ട്.ആ 4 ലക്ഷം രൂപ ഏതെങ്കിലും ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ നിക്ഷേപം നടത്താം. ആ പണത്തിന് ഏകദേശം 10% പലിശ കണക്കാക്കിയാല്‍ തന്നെ 3.20 ലക്ഷം രൂപ വരുമാനം നേടാന്‍ സാധിക്കും. പലിശ വാങ്ങാത്ത ആളുകളാണെങ്കില്‍ ഈ പണം വല്ല ബിസിനസിലും നിക്ഷേപിച്ച്‌ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കാം. ഇതിലൂടെ ബാറ്ററി സബ്‌സ്‌ക്രിപ്ഷന് ചിലവാകുന്ന 5.25 ലക്ഷം രൂപയില്‍ നിന്ന് 3.20 ലക്ഷം രൂപ വരെ കുറയ്ക്കാന്‍ കഴിയും.

അങ്ങിനെ നോക്കിയാല്‍ ബാറ്ററി വാടകയ്ക്ക് കാര്‍ കൊണ്ടുനടക്കുമ്പോൾ ഈ പറഞ്ഞ കാലയളവിലേക്ക് നിങ്ങള്‍ 2 ലക്ഷം രൂപ മാത്രമേ അധികമായി ചിലവഴിക്കേണ്ടി വരുന്നുള്ളൂ. വാറണ്ടി കാലയളവിനുള്ളില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്വന്തമായി ബാറ്ററി വാങ്ങുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ലാഭകരമെന്നാണ് തോന്നുന്നത്. ഇവി കൊണ്ട് ഓരോരുത്തരുടെയും ഉപയോഗം വ്യത്യസ്തമായിരിക്കാം.

ചെറിയ ഇടവേളകളില്‍ വാഹനം അപ്‌ഗ്രേഡ് ചെയ്യുന്ന ശീലം ഉണ്ടെങ്കില്‍ ബാസ് സ്‌കീം തെരഞ്ഞെടുക്കുന്നത് നന്നാകും. കാരണം ഇത് ഇവി വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് ഗണ്യമായി കുറയ്ക്കുന്നു. ഇവി വാങ്ങുന്നവര്‍ ബാറ്ററി സഹിതം വാങ്ങണോ അതോ ബാറ്ററി ആസ് എ സര്‍വീസ് രീതിയില്‍ എടുക്കണോ എന്നുള്ളത് ഉപയോഗത്തിന് അനുസരിച്ച്‌ തീരുമാനിക്കുന്നതാണ് നല്ലത്.

ദീര്‍ഘകാലം വാഹനം ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ തുടക്കത്തില്‍ കൂടുതല്‍ പണം മുടക്കാന്‍ കഴിയില്ലെന്ന് കരുതുന്നുവെങ്കില്‍ ബാസിന് കീഴില്‍ വാഹനം വാങ്ങാം. സബ്‌സ്‌ക്രിപ്ഷന്‍ രീതി തെരഞ്ഞെടുത്ത് ലാഭം കിട്ടുന്ന പണം നിക്ഷേപിച്ച്‌ ബാറ്ററി ചിലവ് കുറയ്ക്കുന്നത് ബുദ്ധിപരമായ നീക്കമായിരിക്കും. ഇതാകുമ്പോൾ ബാറ്ററിയെ കുറിച്ച്‌ ഉപഭോക്താവ് ടെന്‍ഷനടിക്കേണ്ട സാഹചര്യം ഇല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments