വാഷിങ്ടൻ : ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഡസൻ രാജ്യങ്ങൾക്ക് ഇത് സംബന്ധിച്ച് കത്തുകൾ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് യുഎസ് പ്രസിഡന്റ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഓരോ രാജ്യത്തെയും നേതാക്കൾക്ക് അയച്ച കത്തുകളുടെ പകർപ്പുകളും ട്രംപ് പോസ്റ്റ് ചെയ്തു. യുഎസ് പ്രസിഡന്റിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരിഫ് കത്തുകൾ വൈകാതെ ഇന്ത്യയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള വിശദമായ ചർച്ചകൾ തുടരുകയാണ്. ജൂലൈ 9ന് അവസാനിക്കുന്ന അവസാന തീയതിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അന്തിമമായേക്കും. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (16 ശതമാനം വരാനിരിക്കുന്നതും 10 ശതമാനം നിലവിലുള്ളതും) പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

