ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ ഹൈകോടതിയിൽ ഹർജി. മനുഷ്യാവകാശ പ്രവർത്തകരായ ജി. സാമുവൽ, ആന്‍റണി അലക്സ്, പി.ജെ. ചാക്കോ എന്നിവരാണ് ഹർജി നൽകിയത്. സംസ്ഥാന സർക്കാർ, ആരോഗ്യ വകുപ്പ്, മെഡിക്കൽ കോളജ് സൂപ്രണ്ട്, കേരള സർക്കാർ മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ എന്നിവരാണ് എതിർകക്ഷികൾ.
സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥതയെപ്പറ്റി തിരുവനന്തപുരം മെഡി. കോളജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളും ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. ഭരണഘടന നൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്‍റെ ലംഘനമാണ് കോട്ടയം മെഡി. കോളജിലുണ്ടായ സംഭവമെന്നും ഹരജിയിൽ പറയുന്നു
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴകിയ കെട്ടിടം തകർന്നു വീണാണ് മകളുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായെത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു. ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിന്ദുവിന്റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു.
കെട്ടിടം ഇടിഞ്ഞുവീണ് രണ്ടര മണിക്കൂറിനു ശേഷം മാത്രം രക്ഷാപ്രവർത്തനം നടത്തിയത് വലിയ പ്രതിഷേധത്തിനും അമർഷത്തിനും വഴിവെച്ചിരുന്നു. കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവർത്തനം വൈകിച്ചതും ബിന്ദുവിന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചതുമെന്ന ആരോപണം പ്രതിപക്ഷം ആവർത്തിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്തുടനീളം പ്രക്ഷോഭത്തിനിറങ്ങി. എന്നാൽ, ആദ്യം സഹമന്ത്രിമാരും പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വീണ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു.

