ബിർമിങ്ഹാം: അഞ്ചാംദിനത്തിന്റെ ആദ്യ രണ്ടുമണിക്കൂറും കൊണ്ടുപോയ മഴക്കും ഇന്ത്യയുടെ ജയം തടയാനായില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 336 റൺസിന് ജയിച്ച ഇന്ത്യ എഡ്ജ്ബാസ്റ്റൺ മൈതാനത്ത് പുതുചരിത്രമെഴുതി. 1967 മുതൽ എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് കളിക്കുന്ന ഇന്ത്യയുടെ ആദ്യജയമാണിത്. ജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ (1-1) ഒപ്പമെത്തി. സ്കോർ ഇന്ത്യ : 587 & 427/6d, ഇംഗ്ലണ്ട് : 407 & 271.
അഞ്ചാം ദിനം ഏഴു വിക്കറ്റ് കൈയിലിരിക്കെ 536 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിന് ഇന്ത്യൻ പേസർ ആകാശ് ദീപ് കടുത്ത പ്രഹരമാണ് നൽകിയത്. റൺസ് കൂട്ടിച്ചേർക്കും മുൻപേ ഓലി പോപിനെയും (24) തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെയും (23) മടക്കിയ ആകാശ് ദീപ് കളി ഇന്ത്യൻ ട്രാക്കിലേക്ക് മാറ്റി.
തുടർന്ന് ബെൻ സ്റ്റോക്സും ജാമീ സ്മിത്തും ചേർന്ന് സ്കോറുയർത്തിയെങ്കിലും 33 റൺസിൽ നിൽക്കെ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദർ എൽ.ബിയിൽ കുരുക്കി. ഏഴു റൺസെടുത്ത ക്രിസ് വോക്സ് പ്രസിദ്ധ് കൃഷ്ണക്ക് വിക്കറ്റ് നൽകി മടങ്ങി. ഒരു വശത്ത് ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജാമി സ്മിത്ത് ടീം സ്കോർ 200 കടത്തി. 99 പന്തിൽ 88ൽ നിൽക്കെ ജാമി സ്മിത്തിനെ ആകാശ് ദീപ് സുന്ദറിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ ചെറുത്ത് നിൽപ് ഏറെകുറേ അവസാനിച്ചു.
രണ്ടു റൺസെടുത്ത് ജോഷ് ടങ്കും 38 റൺസെടുത്ത ബ്രൈഡൻ കാർസും വീണതോടെ 271 റൺസിൽ അവസാനിച്ചു. 12 റൺസുമായി ഷുഹൈബ് ബഷീർ പുറത്താകാതെ നിന്നു. ആകാശ് ദീപ് ആറും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജദേജ, വാഷ്ങ്ടൺ സുന്ദർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ചതോടെയാണ് ഇന്ത്യ പടുകൂറ്റൻ ലീഡിൽ എത്തിയത്. നാലാം നാൾ തകർത്തടിച്ച ഇന്ത്യ അതിവേഗം റൺസ് വാരിക്കൂട്ടി ആറു വിക്കറ്റിന് 427 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസ് എന്ന റൺമലയാണുള്ളത്.
ഇന്ത്യൻ ഇന്നിങ്സിൽ ഇരട്ട ശതകക്കാരൻ ഗിൽ ഒരിക്കലൂടെ കൊടുങ്കാറ്റ് തീർത്ത് 161 റൺസെടുത്ത് മടങ്ങി. കെ.എൽ രാഹുലും (55) ഋഷഭ് പന്തും (65) അർധ ശതകങ്ങൾ നേടി. അഞ്ചാം നാൾ വലിയ വിജയ ലക്ഷ്യം മറികടക്കുക ഇംഗ്ലണ്ടിനെ സംബന്ധിച്ച് സാഹസികമാണെന്നതിനാൽ സമനിലക്ക് വേണ്ടിയായിരിക്കും ആതിഥേയർ ശ്രമിക്കുക. ആദ്യ ടെസ്റ്റ് ജയിച്ച് അഞ്ച് മത്സര പരമ്പരയിൽ മുന്നിലാണിവർ. ഇന്നലെ ഒരു വിക്കറ്റിന് 64 റൺസിലാണ് സന്ദർശകർ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്.
വ്യക്തിഗത സ്കോർ 26ൽ നിൽക്കെ കരുൺ വീണു. ബ്രൈഡൻ കാർസെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് ക്യാച്ചെടുക്കുമ്പോൾ സ്കോർ ബോർഡിൽ 96. അർധ ശതകം പിന്നിട്ട രാഹുലിനെ (55) ടങ് ബൗൾഡാക്കി. 126ൽ മൂന്നാം വിക്കറ്റ് വീണെങ്കിലും ഗില്ലും ഋഷഭ് പന്തും സംഗമിച്ചതോടെ ഇന്ത്യ മുന്നോട്ട്. ഋഷഭ് എട്ട് ഫോറും മൂന്ന് സിക്സുമടക്കം 58 പന്തിൽ 65 റൺസ് ചേർത്തു. ഋഷഭിന് ശേഷമെത്തിയത് ജദേജ. ചായക്ക് തൊട്ടുമുമ്പ് ഗിൽ സെഞ്ച്വറി തികച്ചു. നേരിട്ട 129 പന്തിലായിരുന്നു ഇത്.
ടീ ബ്രേക്ക് കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യ തിരിഞ്ഞുനോക്കിയില്ല. ഗില്ലും ജദേജയും ചേർന്ന് ലീഡ് 500 കടത്തി. 13 ഫോറും എട്ട് സിക്സുമടക്കം 162 പന്തിൽ 161 റൺസെടുത്ത ഗില്ലിനെ ഒടുവിൽ ഷുഐബ് സ്വന്തം പന്തിൽ പിടികൂടി. ഒന്നും നഷ്ടപ്പെടാനില്ലാതെ പൊരുതിയ ഇന്ത്യൻ ബാറ്റർമാർ ആറു വിക്കറ്റ് നഷ്ടത്തിൽ 427ൽ നിൽക്കെ എതിരാളികളെ ബാറ്റിങ്ങിന് വിട്ട് കൂടാരം കയറി. മറുപടി ബാറ്റിങ്ങിൽ പക്ഷേ, ഇംഗ്ലണ്ട് തുടക്കത്തിലേ പിഴച്ചു.

