Friday, December 5, 2025
HomeIndiaഅഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം: മരണപ്പെട്ടവരുടെ ബന്ധുക്കളുടെ രേഖകളിൽ ഒപ്പ് വേണം എന്ന ആവശ്യം;...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം: മരണപ്പെട്ടവരുടെ ബന്ധുക്കളുടെ രേഖകളിൽ ഒപ്പ് വേണം എന്ന ആവശ്യം; ആരോപണം നിഷേധിച്ച് എയർ ഇന്ത്യ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ രേഖകളിൽ ഒപ്പ് വെക്കാൻ നിർബന്ധിച്ചെന്ന ആരോപണം നിഷേധിച്ച് എയർ ഇന്ത്യ. ഇരകളുടെ കുടുംബങ്ങളുടെ പ്രതിനിധിയായ അഭിഭാഷകൻ പീറ്റർ നീനൻ കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ പ്രവർത്തി ധാർമ്മികതയുടെ അതിര് വിട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആരോപണം തെളിവുകൾക്ക് നിരക്കുന്നതല്ലെന്നും ശരിയല്ലെന്നും , തികച്ചും ഗൗരവകരമാണെന്നും , ഇപ്പോഴത്തെ പ്രഥമ പരിഗണന ദുരന്തത്തിൽ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പിന്തുണയും ക്ഷേമവും ഉറപ്പാക്കുകയാണന്നും എയർ ഇന്ത്യ പ്രതികരിച്ചു.യുകെയിലെ പ്രമുഖ നിയമ സ്ഥാപനമായ സ്റ്റുവർട്ടിലെ സ്ഥാപന പങ്കാളിയാണ് നീനൻ. മതിയായ നഷ്ടപരിഹാരം നൽകാതിരിക്കുന്നതിലൂടെ എയർലൈൻസിന് ചുരുങ്ങിയത് 100 മില്യൺ പൌണ്ട് ലാഭിക്കാമെന്ന് നീനാൻ ആരോപിച്ചു. ജൂൺ 12ലെ വിമാന അപകടത്തെ തുടർന്ന് ഉറ്റവരുടെ ശേഷിപ്പുകൾ തിരിച്ചറിയുന്നതിന് എത്തിയ കുടുംബാംഗങ്ങളെ ഒരു ചെറിയ തിരക്കേറിയ റൂമിൽ എത്തിക്കുകയും ഡോക്യുമെൻറുകൾ പൂരിപ്പിക്കാനും, സുപ്രധാന സാമ്പത്തിക വിവരങ്ങൾ ചോദിക്കുന്ന സങ്കീർണമായ ചോദ്യാവലി പൂരിപ്പിക്കാൻ നൽകിയെന്നും നീനാൻ പറയുന്നു.കുടുംബാംഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ, നിയമോപദേശമോ, രേഖകളുടെ പകർപ്പോ നൽകാതെയാണിത് ചെയ്തത്. ചില കുടുംബങ്ങൾ തന്നെ അറിയിച്ചിരിക്കുന്നത് എയർ ഇന്ത്യ അധികൃതർ അവരുടെ വീടുകളിൽ ചെന്ന് കണ്ട് എന്താണ് ഫോമുകൾ പൂരിപ്പിച്ച് പൂർത്തിയാക്കാത്തത് എന്ന് അന്വേഷിച്ചതായും നീനാൻ വ്യക്തമാക്കി.

അപകടത്തിൽ മാതാവ് നഷ്ടപ്പെട്ട ഒരാൾ ഗാർഡിയന് നൽകിയ പ്രതികരണം തിരക്കേറിയതും ചൂടുള്ളതും ഇരിക്കാൻ അനുയോജ്യമായ കസേരയോ ഡെസ്കോ ഇല്ലാത്തതുമായ ഇടുങ്ങിയ കോറിഡോറിൽ വെച്ചാണ് തങ്ങളോട് ചോദ്യാവലി പൂർത്തിയാക്കാൻ പറഞ്ഞ സാഹചര്യം ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നായിരുവെന്നാണ്. അവിടെ യാതൊരു സ്വകാര്യതയുമുണ്ടായിരുന്നില്ല. കുറെ കൂടി പ്രൊഫഷണലായും അനുകമ്പയോടെയും വേണമായിരുന്നു എയർ ഇന്ത്യ ഇക്കാര്യം കൈകാര്യം ചെയ്യാൻ. മാത്രമല്ല നടപടികൾക്ക് മുന്നോടിയായി നിയമ ഉപദേശം തേടാനും ആവശ്യപ്പെടണമായിരുന്നു. എന്നാൽ ഡോക്യുമെൻറുകൾ നൽകാതിരിക്കുകയും ചോദ്യാവലി പൂരിപ്പിക്കാതിരിക്കുകയും ചെയ്താൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ധാരണ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മരണപ്പെട്ട ജാവേദ് അലി സെയ്ദിൻറെ കുടുംബാംഗം ഇംതിയാസ് അലി രേഖകൾ എയർ ഇന്ത്യക്ക് മെയിൽ ചെയ്തതായി പ്രതികരിച്ചു. ഇത് വരെയായിട്ടും സഹോദരൻറെ ലഗേജുകളും മറ്റും വിട്ട് കിട്ടിയിട്ടില്ലെന്നും. ഇടക്കാല ആശ്വാസം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. എയർ ഇന്ത്യ എന്തിനാണ് തൻറെ വരുമാനം, ജോലി എന്നിവ ചോദിച്ചതെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ സാമ്പത്തിക വിവരങ്ങൾ അന്വേഷിച്ചത് നടപടിക്രമങ്ങളുടെ ഭാഗമായാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ശരിയായ ആശ്രിതനാണ് ഇടക്കാല ആശ്വാസം ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ ഇക്കാര്യം അത്യാവശ്യമാണെന്നാണ് എയർലൈൻറെ വാദം. എത്രയും പെട്ടെന്ന് ഇടക്കാല നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളാണ് നടന്ന് കൊണ്ടിരിക്കുന്നത്. യാതൊരു വിവരങ്ങളും ഇല്ലാതെ വേഗത്തിൽ ഇടക്കാല നഷ്ടപരിഹാരം നൽകാൻ നടപടികളെടുക്കാൻ കഴിയില്ലെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് കാംപെൽ വിൽസൺ സഹ തൊഴിലാളികൾക്കയച്ച സന്ദേശത്തിൽ ദുരന്തത്തിന് ഇരയായ മൂന്നിൽ രണ്ട് ഭാഗം വരുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയെന്ന് പറയുന്നതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 12ന് നടന്ന അപകടത്തിൽ 260 പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന അപകടമായിരുന്നു ഇത്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും കൊല്ലപ്പെട്ടു. വിമാനം കെട്ടിടത്തിൽ വീണതിനെ തുടർന്ന് ദുരന്തത്തിൽ ആകെ 260 പേർക്ക് ജീവൻ നഷ്ടമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments