Thursday, October 9, 2025
HomeAmericaബോംബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ച് അമേരിക്കൻ വിമാനം വഴി തിരിച്ച് വിട്ടു

ബോംബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ച് അമേരിക്കൻ വിമാനം വഴി തിരിച്ച് വിട്ടു

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ച് വിമാനം വഴി തിരിച്ച് വിട്ടു. പറന്നുയർന്ന് 30 മിനിറ്റിന് ശേഷമാണ് അമേരിക്കൻ എയർലൈൻസ് വിമാനം 1847 വഴിതിരിച്ച് വിട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്നുള്ള വിമാനം ഡാളസിലേക്ക് പോകേണ്ടതായിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പറന്നുയർന്ന് അര മണിക്കൂർ കഴിഞ്ഞ് വിമാനം ഇസ്ലാ വെർഡെയിൽ ഇറങ്ങുകയായിരുന്നു. അതേസമയം വിമാനത്തിലെ ഒരു സ്ത്രീയ്ക്ക് പറ്റിയ തെറ്റിദ്ധാരണയായിരുന്നു ബോംബ് ഭീഷണിയെന്ന് പിന്നീട് വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സഹയാത്രക്കാരിക്ക് ലഭിച്ച ‘റെസ്റ്റ് ഇൻ പീസ്’ എന്നതിന്റെ ചുരുക്കപ്പേരായ RIP എന്ന് എഴുതിയ ഒരു ടെക്സ്റ്റ് സന്ദേശം ലഭിക്കുന്നത് സമീപത്തിരുന്ന സ്ത്രീ കണ്ടു. ഇത് വിമാനത്തില്‍ ബോംബ് വച്ചതിന്‍റെ സൂചനയാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ ഉടനെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയും വിമാനം അടിയന്തരമായി ഇസ്ലാ വെർഡെയില്‍ ഇറക്കുകയുമായിരുന്നെന്ന് പ്യൂർട്ടോ റിക്കോയിലെ ഓഫീസ് ഓഫ് എക്സ്പ്ലോസീവ്സ് ആൻഡ് പബ്ലിക് സേഫ്റ്റി പിന്നീട് അറിയിച്ചു.

വിമാനം ഇസ്ലാ വെർഡെയില്‍ ഇറങ്ങിയ ശേഷം ആകാശത്ത് വെച്ച് സന്ദേശം ലഭിച്ച യാത്രക്കാരിയെ പ്യൂർട്ടോ റിക്കൻ അധികൃതർ ചോദ്യം ചെയ്തു. അപ്പോഴാണ് യാത്രക്കാരിയുടെ ഒരു ബന്ധു കഴിഞ്ഞ ആഴ്ച മരിച്ചെന്നും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് അവർ ഡാളസിലേക്ക് പോകുന്നതെന്നും മനസിലായത്. യാത്രയിലായിരിക്കെ അവരുടെ ഒരു ബന്ധു ഈ മരണത്തെ പരാമര്‍ശിച്ച് നടത്തിയ ഒരു കുറിപ്പിലാണ് RIP എന്ന അക്ഷരങ്ങൾ ഉണ്ടായിരുന്നത്. ഇത് കണ്ട സമീപത്തെ സീറ്റിലിരുന്ന സ്ത്രീ തെറ്റിദ്ധരിക്കുകയായിരുന്നു. തെറ്റിദ്ധാരണ നീക്കിയതിനൊടുവില്‍ 193 യാത്രക്കാരുമായി രാവിലെ 10 മണിയോടെ യാത്ര പുനരാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments