തിരുവനന്തപുരം∙ കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ ഡി.ബിന്ദു (52) മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു
ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കെട്ടിടം തകർന്ന് ബിന്ദു മരിച്ചത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് അടിയിൽ ആരും ഇല്ലെന്നായിരുന്നു അധികൃതരുടെ അവകാശവാദം. അപകടമുണ്ടായി രണ്ടേകാൽ മണിക്കൂറിനുശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. സുരക്ഷിതമല്ലെന്ന് 12 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.
വീണാ ജോർജിന്റെ പോസ്റ്റിന്റെ പൂർണരൂപം:
‘‘ കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’’.