ന്യൂഡൽഹി: തീഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിന് സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ 5 മണിക്കൂർ പരോൾ. ഗുണ്ടാ നേതാക്കൻമാരുടെ ശക്തി കേന്ദ്രമായ നരേലയിലെ താജ്പൂരിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിൽ മറ്റു ഗുണ്ടാ സംഘങ്ങളും പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാവും അമിത് വിവാഹ വേദിയിലെത്തുകയെന്ന് വാർത്താ സ്രോതസ്സുകൾ പറയുന്നു. അക്രമ സംഭവങ്ങൾ ഒഴിവാക്കാനായി വലിയൊരു പൊലീസ് സന്നാഹത്തെ തന്നെ ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
2023ൽ തിഹാർ ജയിലിനുള്ളിൽ വെച്ച് ഗുണ്ടാ ഗ്രൂപ്പിന്‍റെ തലവാനായ സുനിൽ ബല്യാൻ മർദനമേറ്റു മരിച്ച ശേഷമാണ് അമിത് അതിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത്. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അമിത് 2020ലാണ് ജയിലിലാകുന്നത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അന്ന് 2 ലക്ഷം രൂപ വാഗ്ദാനവും പ്രഖ്യാപിച്ചിരുന്നു.
സുനിൽ ബല്യാനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുന്നതിനയി എതികരാളികളായ ഗോഗി ഗുണ്ടാ സംഘത്തിലെ അംഗത്തെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതിനാണ് ഇയാൾ അറസ്റ്റിലായത്. 2018ൽ ഗോഗിയുടെ അടുത്ത ബന്ധമുള്ള മോനു നേപ്പാളിയെ വധിച്ച കേസിലും പ്രതിയാണ് അമിത്. അമിതിന്‍റെ സഹോദരനും ഈ ഗുണ്ടാ ഗ്രൂപ്പിലെ അംഗമാണ്. നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ് അമിത്.