തിരുവനന്തപുരം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്നും തന്റെ ഒപ്പം നിന്നവരാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വകുപ്പ് തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ. അവർക്കെതിരെ തന്റെ ഫേസ്ബുക് പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.‘താൻ സ്വീകരിച്ച മാർഗം തെറ്റാണെന്ന് അറിയാം. എന്നാൽ, അതല്ലാത്ത മാർഗമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തത്. സർക്കാറിനെതിരെയല്ല, ബ്യൂറോക്രസിയുടെ നിരുത്തരവാദ സമീപനത്തിനെതിരെയാണ് പ്രതികരിച്ചത്. അന്വേഷണ സംഘത്തിന് സഹപ്രവർത്തകരും അനുകൂലമായാണ് മൊഴി നൽകിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഫേസ്ബുക്കിൽ എഴുതിയതും മാധ്യമങ്ങളോട് പറഞ്ഞതുമായ കാര്യങ്ങളിൽ തെറ്റില്ല. എല്ലാ വിവരങ്ങളും തെളിവുകളും അന്വേഷണ സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ വൃന്ദത്തിലൂടെയുള്ള നടപടികൾ ലളിതമാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. പ്രശ്നം തുറന്നു പറഞ്ഞതിന് പിന്നാലെ ഫലമുണ്ടായതിൽ സന്തോഷമുണ്ട്. അതിനായി സ്വീകരിച്ച മാർഗം ശരിയായില്ലെന്ന് അറിയാം. കഴിഞ്ഞ രണ്ടുമൂന്നു ദിവസം കടുത്ത സമ്മർദത്തിലായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്നും എന്റെ ഒപ്പം നിന്നിട്ടുണ്ട്. കോട്ടയത്ത് നിന്ന് ഞാൻ അപേക്ഷിക്കാതെ ഇങ്ങോട്ട് ട്രാൻസ്ഫർ തന്നത് അവരാണ്. അവർക്കെതിരെ എന്റെ ഫേസ്ബുക് പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഇതിനെ കാണരുത്. ആത്മാർത്ഥമായി പറയുന്നതാണ്’ -ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
ഉപകരണക്ഷാമം അടക്കമുള്ള കാര്യങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ ജോലി പോയാലും പ്രശ്നമില്ലെന്നും തനിക്ക് കാര്യമായ ജീവിതച്ചെലവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും മക്കൾക്കും ജോലി ഉള്ളതിനാൽ ബൈക്കിൽ പെട്രോളടിക്കാനുള്ള പണം മാത്രം മതി തനിക്ക് ജീവിക്കാനെന്നും അദ്ദേഹം പറഞ്ഞു. ‘ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമം ലളിതമാക്കണം. അതിനായി നാല് പേജിൽ നിർദേശങ്ങൾ എഴുതി തയാറാക്കി അന്വേഷണ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. നാളെ ഞാൻ സർവിസിൽ ഇല്ലെങ്കിലും ഇക്കാര്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ വെളിപ്പെടുത്തലുകൾ രോഗികൾക്ക് സഹായകരമായി. ഓപറേഷൻ മാറ്റിവെച്ച രോഗികൾ ഓപറേഷൻ കഴിഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ഡിസ്ചാർജായി പോയി. അവരുടെ പുഞ്ചിരിയാണ് നമുക്കുള്ള ഏറ്റവും വലിയ സമ്മാനം. അതിലാണ് നമുക്കുള്ള സമാധാനം. വെളിപ്പെടുത്തൽ നടത്തിയതിന് ശിക്ഷാ നടപടിയെ ഭയക്കുന്നില്ല. ഡോക്ടർ എന്ന നിലക്ക് ഭയക്കേണ്ട കാര്യമില്ല. ഇതല്ലെങ്കിൽ വേറൊരു ജോലി നമുക്ക് കിട്ടും. അത് കൊണ്ട് ഭയമില്ല. ഞാൻ സർക്കാർ ജോലി തെരഞ്ഞെടുത്തത് സ്വകാര്യ മേഖലയിലോ വിദേശത്തോ ജോലി കിട്ടാത്തത് കൊണ്ടല്ല. സാധാരണ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റുവവാങ്ങാൻ തയാറാണ്. ഭാര്യക്കും മക്കൾക്കും ജോലിയുണ്ട്. കടബാധ്യതകളോ ലോണോ ഒന്നുമില്ല. അതിനാൽ വലിയ ജീവിതച്ചെലവില്ല. ബൈക്കിൽ പെട്രോൾ അടിക്കാനുള്ള കാശ് ഉണ്ടായാൽ മതി ജീവിക്കാൻ’ -അദ്ദേഹം പറഞ്ഞു.
മുമ്പും നിരവധി തവണ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന് ചെറിയ ചെറിയ ശിക്ഷാ നടപടികൾ നേരിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ചട്ടലംഘനത്തിന് സാധാരണ സസ്പെൻഷനാണ് ലഭിക്കുക. ഇപ്പോൾ എന്താണ് ലഭിക്കുക എന്നറിയില്ല. സ്ഥലംമാറ്റമോ സസ്പെൻഷനോ എന്ത് ലഭിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതിയില്, ഡോക്ടർമാരുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ച രാത്രിയോടെ മെഡിക്കൽ വദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് കൈമാറി. ഈ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകും. ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്കിടയാക്കിയ സാഹചര്യങ്ങൾ പലതും ശരിവെക്കുന്നതാണ് റിപ്പോർട്ട്. ഉപകരണക്ഷാമം നിലനിൽക്കുന്നുണ്ടെന്നും അത് മെച്ചപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാവിയിൽ ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച മൊഴിയെടുക്കലും വിവരശേഖരണവും ബുധനാഴ്ചയും തുടർന്നു. ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്. ഗോമതി, കോട്ടയം, മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.