ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനം ഉറപ്പിച്ച് സഹ്റാം മംദാനി. ഡെമോക്രാറ്റിക് പ്രൈമറിയുടെ ആദ്യ ഘട്ടത്തിൽ നേരത്തേ വിജയിച്ചിരുന്ന മംദാനി റാങ്ക്ഡ് ചോയ്സ് വോട്ടിങ്ങിലും മുൻതൂക്കം നേടുകയായിരുന്നു.രണ്ടാം ഘട്ടത്തിൽ പ്രധാന എതിരാളി മുൻ ഗവർണർ ആൻഡ്രൂ കൗമോയെക്കാൾ 12 ശതമാനം അധികം വോട്ടാണ് 33കാരൻ സ്വന്തമാക്കിയത്. നവംബർ നാലിനാണ് മേയർ തെരഞ്ഞെടുപ്പ്
ഇന്തോ-അമേരിക്കൻ വംശജനും നിയമസഭാംഗവുമായ സഹ്റാം മംദാനി പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി.
ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള നഗരത്തിൽ ആദ്യമായാണ് മുസ്‍ലിം മേയർ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്. ഇസ്രായേലിന് പുറത്ത് ഏറ്റവും കൂടുതൽ ജൂതർ താമസിക്കുന്ന ന്യൂയോർക് സിറ്റിയിലെ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറിയിൽ ഇസ്രായേൽ-സയണിസ്റ്റ് അനുകൂലി ആൻഡ്ര്യൂ ക്വോമോക്ക് അപ്രതീക്ഷിത തോൽവി പിണഞ്ഞത്.
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കാംപ്ലയിൽ ജനിച്ച മംദാനി ന്യൂയോർക് സിറ്റിയിലാണ് വളർന്നത്. ഏഴ് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറുകയായിരുന്നു. മംദാനിക്ക് അഭിനന്ദനവുമായി ബെർനി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആൻഡ്ര്യൂ ക്വോമോ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സക്കും ഇറാനും മേലുള്ള ഇസ്രായേൽ അതിക്രമങ്ങളും ജനങ്ങളെ സ്വാധീനിച്ചു.