Friday, December 5, 2025
HomeNewsപുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനം

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനം

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനം ഉയരുന്നു. മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് വെടിവെയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിലും പ്രതികരിച്ചു. നിയമനം അതിൻ്റെ നടപടിയ്ക്ക് പോകുമെന്നും സതീശൻ പറഞ്ഞു.

റവാഡയ്ക്കെതിരെ ആദ്യം വിമർശനം ഉന്നയിച്ചത് സിപിഎം നേതാവ് പി ജയരാജനായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതില്‍ പരോക്ഷമായി അതൃപ്തി പരസ്യമാക്കിയായിരുന്നു പി ജയരാജന്‍റെ പ്രതികരണം വന്നത്. കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഡിജിപി നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എഡിജിപി എച്ച് വെങ്കിടേഷിന് ഡിജിപിയുടെ താൽക്കാലിക ചുമതല നൽകും. പുതിയ പൊലീസ് മേധാവി ചുമതല ഏൽക്കുന്നതുവരെയാണ് ചുമതല നൽകുന്നത്. സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി എത്തുന്ന റവാഡ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വ‍ർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.

കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകൻ സിവിൽ സർവ്വീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ റവാഡ വെങ്കിട്ടറാവുവിൻെറ ആഗ്രഹം. പഠിച്ചു വളർന്ന ചന്ദ്രശേഖറിൻറെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൽച്ചറൽ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവിൽ സർവ്വീസിലൊന്നു കൈവച്ചു. 1991 ബാച്ചിൽ ഐപിഎസുകിട്ടി അച്ഛൻെറ ആഗ്രഹം സാധിച്ചു. തലശേരി എഎസ്പിയായിരുന്നു തുടക്കം. പക്ഷേ തുടക്കം കയ്പു നിറഞ്ഞതായിരുന്നു. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി. സർവ്വീസിൽ തിരിച്ചെത്തി രവ‍ാഡ ആത്മവിശ്വാസവും ചിരിയും കൈവിട്ടില്ല. വിവിധ ജില്ലകളിൽ പൊലിസ് മേധാവിയായി പേരെടുത്തു റവാഡ.

തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. നെക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികളിൽ ജോലി ചെയ്തു. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാൻ താൽപര്യമറിയിച്ചത്. പട്ടികയില രണ്ടാം സ്ഥാനക്കാരനായി ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരൻ. രവാഡയെന്ന കർഷക തറവാടിൽ നിന്നും പൊലീസ് മേധാവി കസേരയിലേക്ക് എത്തുകയാണ് രവാഡ. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments