ന്യൂഡല്‍ഹി : ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും വന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടും തന്റെ രാജ്യം ആണവ സമ്പുഷ്ടീകരണം ‘ഒരിക്കലും നിര്‍ത്തില്ല’ എന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ അംബാസഡര്‍ അമീര്‍-സയീദ് ഇറവാനി . മാത്രമല്ല, ഇറാന്‍ പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ‘അനിഷേധ്യ അവകാശം’ ആണിതെന്നും അമീര്‍ വ്യക്തമാക്കി.
സിബിഎസ് ന്യൂസിന്റെ ‘ഫേസ് ദി നേഷന്‍’ എന്ന പരിപാടിയ്ക്കിടെ മോഡറേറ്റര്‍ മാര്‍ഗരറ്റ് ബ്രെനന്‍, ഇറാന്‍ അവരുടെ മണ്ണില്‍ ഒരു ആണവ സമ്പുഷ്ടീകരണ പദ്ധതി പുനഃസ്ഥാപിക്കാന്‍’ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അമീര്‍ അത് തങ്ങളുടെ അവകാശമാണെന്ന് പ്രതികരിച്ചത്.
ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്ക് അവകാശമുണ്ടെന്ന് പറയുന്ന ആണവ നിര്‍വ്യാപന ഉടമ്പടിയിലെ (എന്‍പിടി) ഒരു വ്യവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അമീര്‍ സംസാരിച്ചത്. ‘അതിനാല്‍ സമ്പുഷ്ടീകരണം ഞങ്ങളുടെ അവകാശമാണ്, ഒരു അനിഷേധ്യ അവകാശമാണ്, ഈ അവകാശം ഞങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു,’ അമീറിന്റെ വാക്കുകള്‍.
‘അപ്പോള്‍ നിങ്ങള്‍ സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു, അങ്ങനെ തോന്നുന്നു?’ ബ്രെനന്‍ പ്രതികരിച്ചു. ‘ആ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ കരുതുന്നു, ഒരിക്കലും അവസാനിക്കില്ല,’ അമീര്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഇറാനുമായി ഒരു ആണവ കരാര്‍ ഉറപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ആക്രമണം വന്‍ വിജയമാണെന്നും മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കും വന്‍ നാശനഷ്ടമുണ്ടായെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇത് പിന്നീട് ചോദ്യംചെയ്യപ്പെട്ടു. പുനര്‍ നിര്‍മ്മിക്കാനാകും വിധം മാത്രമാണ് അവ നശിപ്പിക്കപ്പെട്ടതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.