Thursday, July 17, 2025
HomeAmericaഇന്ത്യ - പാക് വെടിനിർത്തലിനു കാരണക്കാരൻ താൻ: വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യ – പാക് വെടിനിർത്തലിനു കാരണക്കാരൻ താൻ: വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിങ്ടൻ : ഇന്ത്യ– പാക്കിസ്ഥാൻ വെടിനിർത്തലിനു മുൻകയ്യെടുത്തെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ താൻ നിർദേശം നൽകിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തയാറായതെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറ‍ഞ്ഞു.

‘‘ഞങ്ങൾ മികച്ച ചില കാര്യങ്ങൾ ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരുപക്ഷേ ആണവയുദ്ധം തന്നെ ഉണ്ടായേക്കാമായിരുന്നു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇതിലും കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല.’’– ട്രംപ് അവകാശപ്പെട്ടു. ജന്മാവകാശ പൗരത്വ കേസിൽ കീഴ്‌ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിക്കു ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

‘‘ഇന്ത്യയും പാക്കിസ്ഥാനുമായി ഞാൻ ചർച്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ എന്റെ ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞു. അവർ ഒരു യുദ്ധത്തിലായതിനാൽ നമ്മളുമായി വ്യാപാരം നടത്തുന്നില്ലെന്നു കർശനമായി പറഞ്ഞു. ഇതോടെ രണ്ടു രാജ്യങ്ങളും തിരിച്ചുവിളിച്ചു. ഞാൻ പറഞ്ഞു, നോക്കൂ, നിങ്ങൾക്ക് അമേരിക്കയുമായി വ്യാപാരം വേണം. അത് വളരെ നല്ല കാര്യമാണ്. പക്ഷേ നിങ്ങൾ പരസ്പരം ആണവായുധങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അത് അനുവദിക്കില്ല. അവർ രണ്ടുപേരും സമ്മതിച്ചു, രണ്ടു രാജ്യങ്ങളിലും മികച്ച നേതാക്കളുണ്ട്. അവർ രണ്ടുപേരും അത് ചെയ്യില്ലെന്ന് സമ്മതിച്ചു.’’– ട്രംപ് പറഞ്ഞു.

നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മേയ് 10നാണ് ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുന്നതിനായി ധാരണയിലെത്തിയത്. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായി പലതവണ ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഇതു നിഷേധിച്ചു. ഇരു സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ( ഡിജിഎംഒകൾ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ട്രംപുമായി ഏകദേശം 35 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ, ഇന്ത്യ മധ്യസ്ഥത ഒരിക്കലും അംഗീകരിക്കില്ലെന്നും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യങ്ങൾ തമ്മിലുള്ള ചർച്ചകൾ പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണ് ആരംഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments