ന്യൂയോര്‍ക്ക്: ലോകസമാധാനത്തിനായുള്ള തന്റെ സന്ദേശം ആവര്‍ത്തിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.‘മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്, യുദ്ധക്കളത്തിലല്ല, ആഗോള സമാധാനത്തിനും വികസനത്തിനും ആഗോള സംഘടനകള്‍ക്ക് നവീകരണം അനിവാര്യമാണ്. പരിഷ്‌കരണമാണ് പ്രസക്തിയുടെ താക്കോല്‍’ യുഎന്‍ ജനറല്‍ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ എന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി, ഒരു വശത്ത് തീവ്രവാദം പോലുള്ള വലിയ ഭീഷണിയുണ്ട്, മറുവശത്ത് സൈബര്‍, സമുദ്രം, ബഹിരാകാശം തുടങ്ങിയ നിരവധി പുതിയ സംഘര്‍ഷ മേഖലകളും സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന് സന്തുലിത നിയന്ത്രണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം, സംഘര്‍ഷം, മനുഷ്യാവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ ഉടമ്പടി ഇന്നലെ ചേര്‍ന്ന യുഎന്‍ പൊതുസഭ അംഗീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ സമാധാന സന്ദേശം.
സുസ്ഥിര വികസനത്തിലൂടെ ഇന്ത്യ എങ്ങനെയാണ് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിയതെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘ഇന്ന്, മനുഷ്യരാശിയുടെ ആറിലൊന്നിന്റെ ശബ്ദം ഇവിടെ കൊണ്ടുവരാന്‍ ഞാന്‍ ഇവിടെയുണ്ട്. ഞങ്ങള്‍ 250 ദശലക്ഷം ആളുകളെ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തി, സുസ്ഥിര വികസനം വിജയകരമാകുമെന്ന് ഞങ്ങള്‍ കാണിച്ചുതന്നു. ഈ വിജയാനുഭവം പങ്കിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.