ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റുമായ സൊഹ്‌റാന്‍ മംദാനി വിജയിച്ചു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയെയാണു ഈ 33 കാരന് പരാജയപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ജൂലൈയിലും തിരഞ്ഞെടുപ്പ് നവംബറിലുമാണ് നടക്കുക
എന്നാല്‍ മംദാനിയുടെ വിജയം അത്രയ്ക്ക് ദഹിക്കാത്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശനവുമായി എത്തി. മംദാനിയെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് നേതാക്കളെയും ട്രംപ് വിമര്‍ശിച്ചു.‘ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചു, മേയറാകാനുള്ള പാതയിലാണ്. നമുക്ക് മുമ്പ് റാഡിക്കല്‍ ലെഫ്റ്റികള്‍ ഉണ്ടായിരുന്നു, പക്ഷേ ഇത് അല്‍പ്പം പരിഹാസ്യമായി മാറുകയാണ്,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
യുഗാണ്ടൻ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും ‘സലാം ബോംബെ’, ‘മണ്‍സൂണ്‍ വെഡ്ഡിങ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. വിജയിച്ചാല്‍ ന്യൂയോര്‍ക്കില്‍ ചരിത്രം കുറിച്ച് ആദ്യത്തെ മുസ്ലീം മേയറാകും. മംദാനിക്ക് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക പാര്‍ട്ടിയുടെ പിന്തുണയുണ്ട്
പലസ്തീനികള്‍ക്കുവേണ്ടി സംസാരിക്കുകയും ഇസ്രായേലിനെതിരെ ‘വംശഹത്യ’ ആരോപിക്കുകയും ചെയ്ത മംദാനിയോട് ട്രംപിന് വിയോജിപ്പാണ്.നിലവില്‍ ക്വീന്‍സിന്റെ ബറോയെ പ്രതിനിധീകരിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ മംദാനിയുടെ ശ്രദ്ധേയമായ നയ നിര്‍ദ്ദേശങ്ങളില്‍ ന്യൂയോര്‍ക്കുകാര്‍ക്ക് വാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസ്, സാര്‍വത്രിക ശിശു സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നു. ഈ നിര്‍ദേശങ്ങളൊക്കെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.