Monday, December 8, 2025
HomeNewsഉരുൾപൊട്ടിയ ചൂരൽമല മേഖലയിൽ കനത്ത മഴ: ജാഗ്രത നിർദ്ദേശം

ഉരുൾപൊട്ടിയ ചൂരൽമല മേഖലയിൽ കനത്ത മഴ: ജാഗ്രത നിർദ്ദേശം

കൽപറ്റ : വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. ഇതോടെ പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്കു വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. ചൊവ്വാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. 

2024 ജൂലൈ 30 ന് കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ മേഖലയിലുളള പുഴയിൽ വലിയതോതിൽ ചെളിവെള്ളം നിറഞ്ഞ കുത്തൊഴുക്കുണ്ടായത് ആശങ്കയുണർത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിനു പിന്നാലെ സൈന്യം പുഴയ്ക്കു കുറുകെ സ്ഥാപിച്ച ബെയ്‌ലി പാലത്തിനു സമീപത്തെ മുണ്ടക്കൈ റോഡിലും വെളളം കയറിയ സ്ഥിതിയാണ്.

വെള്ളരിമലയിൽ മണ്ണിടിച്ചിലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബെയ്‌ലി പാലത്തിനപ്പുറം റാണിമല, ഹാരിസൺസ് എസ്റ്റേറ്റുകളിൽ ജോലിക്കു പോയവരിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടു. ഇവരെ സുരക്ഷിതമായി മടക്കിയെത്തിക്കാൻ ശ്രമം തുടങ്ങി.

പുതിയ വില്ലേജ് റോഡ് വെള്ളക്കെട്ട് രൂക്ഷമാണ്. ഇത്തവണ കാലവർഷത്തിനിടെ ഇവിടെ കനത്ത മഴ ഉണ്ടായെങ്കിലും ഇത്രയധികം നീരൊഴുക്ക് ഇതാദ്യമാണ്. പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. പൊലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്ത് എത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു ലഭിക്കുന്ന വിവരം. 

അതേസമയം, മേഖലയിൽ ഇനിയും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും ജനങ്ങളെ എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കിൽ വലിയ ദുരന്തം അഭിമുഖീകരിക്കേണ്ടി വരുമെന്നും ചൂരൽമല ആക്‌ഷൻ കൗൺസിൽ നേതാവ് ഷാജിമോൻ പറഞ്ഞു. സ്ഥിതി വിലയിരുത്തുന്നതിനായി റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും.സ്ഥിതിഗതികൾ വിലയിരുത്തി മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments