വാഷിങ്ടൻ : ഖത്തറിലെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചെന്ന് യുഎസ് സ്ഥിരീകരിച്ചു. ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാൽ ആൾനാശമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാനമായി ഇസ്രയേലിനെയും താൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.
അൽ ഉദൈദ് സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാശനഷ്ടമില്ലെന്നും ഖത്തറിലെ യുഎസ് സൈനിക താവളത്തിലല്ലാതെ മറ്റൊരിടത്തും ആക്രമണമുണ്ടായതായി വിവരമില്ലെന്നും യുഎസ് സൈന്യം അറിയിച്ചു. ഇറാഖിലെ അൽ അസദ് താവളം ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും ആക്രമണ സാധ്യത കണക്കിലെടുത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്‌ജമായിരുന്നെന്ന് യുഎസ് അറിയിച്ചു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ഞായറാഴ്ച രാവിലെ യുഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണിത്.