തെഹ്‌റാൻ: ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് പാർലമെന്റ് അംഗീകാരം നൽകിയെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്തിമ തീരുമാനം ഇറാൻ പരമാധികാരി ആയത്തുളള അലി ഖമേനി എടുക്കുമെന്നാണ് വിവരം. ആഗോള എണ്ണ വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം.
പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചാൽ 40 ശതമാനം എണ്ണക്കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും. തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക കൂടി ആക്രമണം നടത്തിയതോടെയാണ് ഇറാൻ കടുത്ത തീരുമാനത്തിലെത്തിയത്.
2024ലും ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതോടു കൂടി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കുളള എണ്ണ വ്യാപാരം പൂർണമായും നിലയ്ക്കും. ഇത് ലോകത്തെല്ലായിടത്തും എണ്ണവില കുതിച്ചുയരാൻ കാരണമാകും.
അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഈ നടപടി ഊർജ്ജമേഖലയിൽ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുളള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ശ്രമവും ഗൾഫ് രാജ്യങ്ങൾ നടത്തിയിരുന്നു.