വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം നീണ്ടു നിൽക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആഗ്രഹിക്കുന്നതെന്ന് മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. യുദ്ധം നീണ്ടാൽ മാത്രമേ നെതന്യാഹുവിന് എക്കാലത്തും പദവിയിൽ തുടരാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുമെന്നാണ് പ്രതീക്ഷയെന്നും ബിൽ ക്ലിന്റൺ പറഞ്ഞു. ട്രംപിനോ നെത്യാഹുവിനോ മേഖലയെ മുഴുവൻ ബാധിക്കുന്ന യുദ്ധം തുടങ്ങാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ നമ്മുടെ സഹൃത്തുക്കളെ കാര്യങ്ങൾ പറഞ്ഞത് ബോധ്യപ്പെടുത്തണം. അവരെ സംരക്ഷിക്കാനും യു.എസിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കാത്ത യുദ്ധങ്ങളിലെ പ്രധാന ഇരകൾ സാധാരണക്കാരായ മനുഷ്യരാണ്. അവർക്ക് ഒരു രാഷ്ട്രീയതാൽപര്യവും ഉണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ നേരിട്ട് ഇടപെടുന്നതിൽ നിന്നും വിട്ടുനിൽക്കാൻ യു.എസ് ഇതുവരെ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ മിസൈലുകൾ പ്രതിരോധിക്കാൻ യു.എസ് ഇസ്രായേലിന് സഹായിക്കുന്നുണ്ടെന്ന് ക്ലിന്റൺ പറഞ്ഞു.