ലണ്ടൻ: ഇംഗ്ലീഷ് മണ്ണിലെ കന്നി ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനും (101) ക്യാപ്റ്റനായിറങ്ങിയ ആദ്യ മത്സരത്തിൽ ശുഭ്മൻ ഗില്ലിനും സെഞ്ച്വറിത്തിളക്കം. കരുത്തും കരുതലും സമം ചേർന്ന ഇരുവരുടെയും ഇന്നിങ്സ് ആൻഡേഴ്സൻ -ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ സ്കോർ സുരക്ഷിതമാക്കുന്നതിൽ നിർണായകമായി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 127 റൺസുമായി ഗില്ലും 65 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രമുഖർ അരങ്ങൊഴിഞ്ഞ് മുനയൊടിഞ്ഞ ബൗളിങ്ങുമായി തുടങ്ങിയ ആതിഥേയരെ കണക്കിന് പ്രഹരിച്ച് ഓപണർമാരായ കെ.എൽ രാഹുലും ജയ്സ്വാളും ചേർന്ന് ഉജ്വല തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. വിരമിച്ച ടെസ്റ്റ് നായകൻ രോഹിത് ശർമക്കു പകരം ഓപൺ ചെയ്യാനെത്തിയ രാഹുലിനൊപ്പമുള്ള ഈ കൂട്ടുകെട്ട് സെഞ്ച്വറിക്കരികെ 91 റൺസിലാണ് പിരിഞ്ഞത്. അർധ സെഞ്ച്വറിക്കരികെ രാഹുലും (42) അരങ്ങേറ്റത്തിൽ സംപൂജ്യനായി സായ് സുദർശനും മടങ്ങിയെങ്കിലും ഇന്ത്യൻ ബാറ്റിങ്ങിൽ കാര്യമായ ക്ഷീണം സംഭവിച്ചില്ല.
മൂന്നാം വിക്കറ്റിൽ സംഗമിച്ച ക്യാപ്റ്റനും ജയ്സ്വാളും തകർത്തുകളിച്ചതോടെ ഇന്ത്യൻ ഇന്നിങ്സ് അതിവേഗം കുതിച്ചു. ജയ്സ്വാൾ മോശം പന്തുകൾ തെരഞ്ഞുപിടിച്ച് പ്രഹരിച്ചപ്പോൾ ഗിൽ കുറെകൂടി അക്രമണോത്സുകത കാട്ടി. 144 പന്തിൽ ജയ്സ്വാൾ സെഞ്ച്വറി തികച്ചപ്പോൾ 56 പന്ത് മാത്രമെടുത്താണ് ഗിൽ അർധ സെഞ്ച്വറി പിന്നിട്ടത്. ഇരുവരും ചേർന്ന കൂട്ടുകെട്ട് തകർക്കാനാകാതെ സ്റ്റോക്സും വോക്സും സംഘവും വിയർത്തപ്പോൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ പിറന്ന 712 റൺ ഇന്നിങ്സിന്റെ സാധ്യതകൾ ഓർമകളിലെത്തി.
ഒടുവിൽ 123 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട് തീർത്താണ് ജയ്സ്വാൾ മടങ്ങിയത്. താളം കണ്ടെത്തിയാൽ ഏതു പന്തും അതിർത്തി കടത്താൻ ആവേശം കാട്ടുന്ന പതിവ് ശൈലി വിട്ട് ശ്രദ്ധയോടെയായിരുന്നു ഇത്തവണ താരത്തിന്റെ ബാറ്റിങ്. 159 പന്തിൽ 101 റൺസിൽ നിൽക്കെ സ്റ്റോക്സിന്റെ പന്തിൽ കുറ്റി തെറിച്ചായിരുന്നു മടക്കം. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറിയടിച്ച് വിൻഡീസ് മണ്ണിൽ അന്ന് വരവറിയിച്ച ജയ്സ്വാൾ ലീഡ്സിൽ 100 തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ഓപണറുമായി.
ജയ്സ്വാൾ തിരിച്ചുകയറിയതോടെ അതുവരെയും വേഗത്തിൽ റൺ അടിച്ചുകൂട്ടിയ ഗിൽ കൂടുതൽ ജാഗ്രത കാട്ടി. പകരമെത്തിയ ഋഷഭ് പന്തും അതേ കളിയാണ് കാഴ്ചവെച്ചത്. 140 പന്തിൽ സെഞ്ച്വറി തികച്ച ഗിൽ, പന്തുമായി പിരിയാത്ത നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിച്ചു. മറുഭാഗത്ത് ശക്തമായി നിലയുറപ്പിച്ച പന്ത് ഇതിനിടെ അർധ ശതകവും പിന്നിട്ടു. രണ്ടാം ദിനം ഇംഗ്ലിഷ് ബൗളർമാർക്ക് മേൽ ആധിപത്യം ഉറപ്പിച്ച് പടുകൂറ്റൻ സ്കോർ നേടുകയെന്ന ലക്ഷ്യവുമായാകും ശനിയാഴ്ച ഇന്ത്യൻ ബാറ്റർമാർ ക്രീസിലെത്തുക.
പൊതുവെ മൂർച്ച കുറഞ്ഞെങ്കിലും ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ബെൻ സ്റ്റോക്സ് മികവു കാട്ടി. നാലു പന്ത് നേരിട്ട് പൂജ്യം റൺസെടുത്ത സായ് സുദർശനെയാണ് സ്റ്റോക്സ് ആദ്യം മടക്കിയത്. സെഞ്ച്വറി നേടിയതിനു പിന്നാലെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് പിഴുതെടുക്കാനും സ്റ്റോക്സിനായി. കാഴ്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു കെ.എൽ. രാഹുലിന്റെ മടക്കം. റണ്ണൊഴുക്ക് അൽപം തടയാനായെങ്കിലും ശുഐബ് ബഷീറിന് വിക്കറ്റൊന്നും നേടാനായില്ല.