വാഷിംഗ്ടണ്‍ : ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് ‘വളരെ അടുത്താണ്’ എന്ന് വിശ്വസിക്കുന്നതായി മാധ്യമപ്രവര്‍ത്തകരോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന് യുഎസ് നാഷനല്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞതു ചര്‍ച്ചയായതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ കാനഡയില്‍ നടന്ന ജി സെവന്‍ ഉച്ചകോടിയില്‍ നിന്ന് നേരത്തെ തിരിച്ചെത്തിയ ട്രംപ് തുള്‍സി ഗബ്ബാര്‍ഡിനെ തള്ളുന്ന നിലപാട് സ്വീകരിച്ചത് ഇതിനകം ചര്‍ച്ചായി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചാണ് ചര്‍ച്ച തുടരുന്നത്. ആദ്യ തവണ അധികാരത്തില്‍ വന്ന സമയത്തും ട്രംപ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുപോയിരുന്നില്ല.
അതേസമയം, മുന്‍പ് പറഞ്ഞത് മാധ്യമങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്തുവെന്നും പ്രസിഡന്റ് പറഞ്ഞതുതന്നെയാണ് താനും പറഞ്ഞതെന്നും തുള്‍സി പ്രതികരിച്ചിട്ടുണ്ട്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് ആയുധമില്ലാത്ത ഒരു രാജ്യത്തിന്റെ കൈവശമുണ്ടാകാനിടയില്ലാത്ത വണ്ണം കൂടുതലാണെന്നും തുള്‍സി പറഞ്ഞിരുന്നു.